മഹാരാജാസ് മാഗസിന് നൂറു വയസ്; മലയാളത്തിലെ പഴക്കം ചെന്ന കോളജ് മാഗസിന്റെ കഥ

ലീലാവതി ടീച്ചറും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഉള്‍പ്പടെയുള്ള പ്രമുഖരുടെ എഴുത്തുകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിവാദങ്ങളും മാസികയോട് അനുബന്ധിച്ച് പില്‍ക്കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു
മഹാരാജാസ് മാഗസിന് നൂറു വയസ്; മലയാളത്തിലെ പഴക്കം ചെന്ന കോളജ് മാഗസിന്റെ കഥ

കൊച്ചി: എറണാകുളത്തുകാരുടെ സ്വന്തം കോളെജ് മാഗസിന്‍
പിറന്നിട്ട് ഇത് നൂറാം വര്‍ഷമാണ്. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മയുടെ ഷഷ്ടിപൂര്‍ത്തിയോട് അനുബന്ധിച്ചായിരുന്നു ' എറണാകുളം കോളെജ് മാസിക' യുടെ ആദ്യലക്കം പുറത്തിറങ്ങിയത്. വര്‍ഷത്തില്‍ നാലെണ്ണമെന്ന കണക്കില്‍ എല്ലാ ഒക്ടോബര്‍, ജനുവരി, ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ മാഗസിന്‍ പിന്നീട് പുറത്തിറങ്ങി.  

മഹാരാജാസ് കോളെജിലെ ടീച്ചര്‍മാരും ഗവേണിങ് കൗണ്‍സിലുമാണ് മാഗസിന്‍ പുറത്തിറക്കാന്‍ നേതൃത്വം നല്‍കിയത്. കേരളത്തിന് പുറത്ത് നിന്നുള്ളവരായിരുന്നു ആദ്യകാലത്ത് മാഗസിനില്‍ എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ കോളെജ് വിദ്യാര്‍ത്ഥികളുടെ രചനങ്ങള്‍ അധികവും  ഇടംപിടിച്ചിരുന്നില്ല.

വിഷയാധിഷ്ഠിതമായ ഉള്ളടക്കങ്ങളാണ് ഓരോ ലക്കത്തിലും ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യകാലത്ത് സൗജന്യമായാണ് മാഗസിന്‍ വിതരണം ചെയ്തിരുന്നതെങ്കിലും  പിന്നീട്  ആജീവനാന്ത അംഗങ്ങള്‍ക്ക് 25 രൂപയും അല്ലാത്തവര്‍ക്ക് രണ്ട് രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രൂപയും എന്ന കണക്കില്‍ നിശ്ചയിക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികളുടെ രചനകള്‍ മാഗസിനില്‍ പ്രത്യക്ഷപ്പെടാന്‍ 1960 വരെ കാത്തിരിക്കേണ്ടി വന്നു.  വിദ്യാര്‍ത്ഥികള്‍ എഴുതാനും മാസിക പുറത്തിറക്കാനും ആരംഭിച്ചതോടെ മാസികയുടെ സ്വഭാവം മാറി. വിമര്‍ശനങ്ങളും അവലോകനങ്ങളും പതിവ് സാമൂഹ്യ വിഷയങ്ങള്‍ക്ക് പകരം മാസികയില്‍ ഇടം പിടിച്ചു. ലീലാവതി ടീച്ചറും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഉള്‍പ്പടെയുള്ള പ്രമുഖരുടെ എഴുത്തുകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിവാദങ്ങളും മാസികയോട് അനുബന്ധിച്ച് പില്‍ക്കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. 2015 ല്‍ കോളെജ് സ്വയംഭരണത്തിലേക്ക് മാറിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ മാസികയുടെ പ്രവര്‍ത്തനം നടന്നു വരികയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.

നൂറാം വാര്‍ഷികാഘോഷ പരിപാടികളോട് അനുബന്ധിച്ച് പഴയ ലക്കങ്ങളുടെ പ്രദര്‍ശനവും സാഹിത്യ സദസ്സുകളും കോളെജ് സംഘടിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com