മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളോ? : കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് കെ സുരേന്ദ്രന്‍ 
മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളോ? : കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട് : ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പാഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോഴാണ് ചിറ്റാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസും തന്റെ തലയിലാക്കിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുമ്പോഴാണ് തനിക്കെതിരെ നടപടി തുടരുന്നത്. കേസില്‍ നിന്നും ഒളിച്ചോടാന്‍ മുഖ്യമന്ത്രിയും, കോടിയേരിയും ഇത്രയും ഭീരുക്കളാണോയെന്നും അദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ ഒരു സ്ത്രീ ബലാല്‍സംഗ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. ഡിവൈഎസ്പിമാരായ പിപി സദാനന്ദന്‍, പ്രിന്‍സ് എന്നിവരെ ആക്ഷേപിക്കുകയും ഭീഷണി മുഴക്കിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. ജാമ്യം ലഭിച്ചെങ്കിലും സന്നിധാനത്ത് യുവതിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ സുരേന്ദ്രന്‍ റിമാന്‍ഡിലാണ്. അതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com