ശബരിമല പൊലീസ് നിയന്ത്രണത്തില്‍: ഒരു പ്രതിഷേധത്തിനും സാധ്യതയില്ലെന്ന് യതീഷ് ചന്ദ്ര

കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്പി യതീഷ് ചന്ദ്ര
ശബരിമല പൊലീസ് നിയന്ത്രണത്തില്‍: ഒരു പ്രതിഷേധത്തിനും സാധ്യതയില്ലെന്ന് യതീഷ് ചന്ദ്ര

പത്തനംതിട്ട: കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമല ഒന്നടങ്കം പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഒരു പ്രതിഷേധങ്ങള്‍ക്കും സാധ്യതയില്ല. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചുവരികയാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

നിലയ്ക്കലും പമ്പയും സന്നിധാനവും പൊലീസിന്റെ പൂര്‍ണനിയന്ത്രണത്തിലാണ്. ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. പൊലീസിന്റെ ഉദ്ദേശം തീര്‍ത്ഥാടകര്‍ വരിക എന്നതാണ്.ബസുകള്‍ നിറഞ്ഞ് തീര്‍ത്ഥാടകര്‍ പോയി കൊണ്ടിരിക്കുകയാണ്. സേവനമനോഭാവത്തോടെയാണ് പൊലീസ് നിലക്കൊളളുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തന്മാര്‍ വരുന്നുണ്ട്.രാവിലെ 11 മണിയായപ്പോഴേക്കും 20000 തീര്‍ത്ഥാടകര്‍ പോയിക്കഴിഞ്ഞതായും യതീഷ് ചന്ദ്ര പറഞ്ഞു. 

നിരോധനാജ്ഞ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. തങ്ങള്‍ 15 ദിവസത്തേ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വന്നതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി യതീഷ് ചന്ദ്ര പറഞ്ഞു.

കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല. എല്ലാം വരുമ്പോള്‍ നോക്കാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി യതീഷ് ചന്ദ്ര പറഞ്ഞു. നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി എന്ന വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് താന്‍ ഇവിടെ നില്‍ക്കുകയല്ലേ, നിങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്ന് യതീഷ് ചന്ദ്ര പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com