ശബരിമല വിധി നടപ്പാക്കാന്‍ സംഘടനകള്‍ തടസം നില്‍ക്കുന്നു, സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്

ശബരിമല വിധി നടപ്പാക്കാന്‍ സംഘടനകള്‍ തടസം നില്‍ക്കുന്നു, സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതില്‍ പൊലീസ് നേരിടുന്ന ബുദ്ധിമുട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതില്‍ പൊലീസ് നേരിടുന്ന ബുദ്ധിമുട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിക്കും. ഇതിനായുള്ള അപേക്ഷ രണ്ടു ദിവസത്തിനേകം ഫയല്‍ ചെയ്‌തേക്കും. ചീഫ് സെക്രട്ടറിയാവും അപേക്ഷ നല്‍കുക.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് വലതുപക്ഷ സംഘടനകള്‍ തടസം നില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കി വിധി നടപ്പാക്കുന്നതു തടയുകയാണ് വലതുപക്ഷ സംഘടനകള്‍ ചെയ്യുന്നത്. ഈ സാഹചര്യം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. 

വിധി നടപ്പാക്കുന്നതിനു മാര്‍ഗ നിര്‍ദേശം തേടി പൊലീസ് സുപ്രിം കോടതിയെ സമീപിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ആലോചനയില്ലെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ വ്യക്തമാക്കിയത്. പൊലീസ് നേരിട്ടു കോടതിയെ സമീപിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. 

യുവതീ പ്രവേശന വിധിക്കു ശേഷം ശബരിമലയിലെ തല്‍സ്ഥിതി കോടതിയെ അറിയിക്കാന്‍ നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. നിലവില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടി ബോര്‍ഡ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട അന്‍പത് റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജനുവരി 22ന് റിവ്യു ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com