ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണം ദീർഘിപ്പിക്കണമെന്ന് പൊലീസ്

സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണം ദീർഘിപ്പിക്കണമെന്ന് പൊലീസ്

പത്തനംതിട്ട : ശബരിമലയിലും പരിസര പ്രദേശങ്ങളിലും ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ വൈകീട്ട് തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് ദിവസം പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവർത്തിക്കുമെന്നാണ് സൂചന.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. ജനുവരി പതിന്നാലുവരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയെങ്കിലും നാലു ദിവസത്തേക്ക് മാത്രമാണ് ദീർഘിപ്പിച്ചത്. സ്ഥിതിഗതി ശാന്തമാണെങ്കിൽ ഉത്തരവ് പിൻവലിക്കാമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്ന സംഭവവുമായി ബന്ധപ്പെട്ട് എഡിഎമ്മിൽ നിന്നും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നീ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. അതേസമയം നിയന്ത്രണം ഗുണം ചെയ്തുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ബി ജെ പിയിറക്കിയ സർക്കുലർ പ്രകാരമുള്ളവരാണ് സന്നിധാനത്തെത്തി പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ എസ്.പി യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയിൽനിന്ന് പിൻവലിച്ചുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു. മുൻ നിശ്ചയപ്രകാരം ഈ മാസം മുപ്പതിന് മാത്രമേ ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com