ഇനി കൊന്നാലും നഷ്ടപരിഹാരമില്ല, വന്യജീവി നിര്‍വചനത്തില്‍ നിന്നും നാട്ടാനയെ ഒഴിവാക്കി

നാട്ടാനയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ ഉത്തരവാണ് വനംവകുപ്പ് ഇപ്പോള്‍ തിരുത്തിയത്
ഇനി കൊന്നാലും നഷ്ടപരിഹാരമില്ല, വന്യജീവി നിര്‍വചനത്തില്‍ നിന്നും നാട്ടാനയെ ഒഴിവാക്കി

തൃശൂര്‍: നാട്ടാനയുടെ ആക്രമണത്തിന് ഇരയായല്‍ ഇനി നഷ്ടപരിഹാരം ലഭിക്കില്ല. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ലിസ്റ്റില്‍ നിന്നും നാട്ടാനയെ ഒഴിവാക്കി സര്‍ക്കാര്‍. നാട്ടാനയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ ഉത്തരവാണ് വനംവകുപ്പ് ഇപ്പോള്‍ തിരുത്തിയത്. 

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉത്സവ എഴുന്നള്ളിപ്പിന് ലോറിയില്‍ ആനയെ കൊണ്ടുപോകുന്നതിന് ഇടയില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചിരുന്നു. ഇതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഉത്തരവ് തിരുത്തിയ വിവരം പുറത്തറിയുന്നത്. 

വന്യജീവികളുടെ നിര്‍വചനത്തില്‍ നാട്ടാനകളേയും ഉള്‍പ്പെടുത്തി 1980ലെ ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ഏപ്രിലില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതനുസരിച്ച് നാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. എന്നാലിപ്പോള്‍, വന്യജീവി നിര്‍വചനത്തില്‍ നിന്നും നാട്ടാന എന്നുള്‍പ്പെടുത്തിയ ഭാഗം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. 

നാട്ടാനയുടെ ഉടമകളെ സഹായിക്കുവാനാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. നാട്ടാന പരിപാലന ചട്ടം അനുസരിച്ച് ആനകളുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ഉടമയാണ് ഉത്തരവാദി. എന്നാല്‍ നാട്ടാന പരിപാലന ചട്ടം അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്ന ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് നിയമ വകുപ്പ് വ്യക്തമാക്കിയതോടെയാണ് ഉത്തരവ് വനം വകുപ്പ് പിന്‍വലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com