കേരള ബിജെപിക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പണികൊടുത്തു; കീഴാറ്റൂരില്‍ അലൈന്‍മെന്റ് മാറ്റുമെന്ന വാദം പൊളിഞ്ഞു: പാരയായി പഴയ ഫെയ്‌സ്ബുക് പോസ്റ്റ്

കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയപാത ബൈപ്പാസ് മുന്നോട്ടുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയതോടെ വെട്ടിലായത് ബിജെപി സംസ്ഥാന ഘടകം. 
കേരള ബിജെപിക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പണികൊടുത്തു; കീഴാറ്റൂരില്‍ അലൈന്‍മെന്റ് മാറ്റുമെന്ന വാദം പൊളിഞ്ഞു: പാരയായി പഴയ ഫെയ്‌സ്ബുക് പോസ്റ്റ്

കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയപാത ബൈപ്പാസ് മുന്നോട്ടുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയതോടെ വെട്ടിലായത് ബിജെപി സംസ്ഥാന ഘടകം. ബൈപ്പാസ് വിരുദ്ധ സമരം കത്തി നിന്ന സമയത്ത് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി, കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഉത്തരവ് നേടിയെടുത്തു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് വിമര്‍ശകര്‍. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ജൂലൈ 25നാണ് ബിജെപി പോസ്റ്റിട്ടത്. 

ബൈപ്പാസില്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന്  കേന്ദ്രം അന്തിമ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്ന ബിജെപിയുടെ വാഗ്ദാനമാണ് പാഴായത്.ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂവുടമകളുടെ ഹിയറിംഗിനുള്ള തിയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ത്രീജി3 എന്ന അന്തിമ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് പ്രമുഖ പത്രങ്ങളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: 

കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വയലുകള്‍ പരമാവധി സംരക്ഷിക്കണം, റോഡിനായി മറ്റു വഴികള്‍ ആലോചിക്കണം. കൃഷിഭൂമി ഒഴിവാക്കി പാതക്കായി തയ്യാറാക്കിയ അലൈന്‍മെന്റ് മാറ്റണം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റിസര്‍ച്ച് ഓഫീസറായ ജോണ്‍ ജോസഫ് ആണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വയലില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ ആകില്ലെന്ന നാട്ടുകാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. ഇത് ഒഴിവാക്കാന്‍ വയലിനെ രണ്ടായി മുറിക്കുന്ന രീതിയിലുള്ള റോഡ് നിര്‍മാണം പരമാവധി ഒഴിവാക്കേണ്ടതാണ്. മറ്റ് സാധ്യതകള്‍ പരിഗണിക്കണം എന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട സ്ഥലം പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഒരു ഭാഗത്ത് മലനിരകളും മറുഭാഗത്ത് വയലും തോടുകളും ഉണ്ട്. അതിനാല്‍ ഇതുവഴിയുള്ള റോഡ് നിര്‍മാണം ഏറ്റവും അവസാനത്തേത് മാത്രമേ ആകാവു.

കീഴാറ്റൂരിലെ വയല്‍ നികത്തുന്നതിനെതിരെ നാട്ടുകാരുടെ സമര സമിതി 'വയല്‍കിളികള്‍' കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ സമരമുഖത്തുണ്ട്. ബിജെപി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ വയല്‍കിളികള്‍ക്കൊപ്പം സമരമുഖത്തുണ്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ബഹു :കുമ്മനം രാജശേഖരനാണ് വയല്‍കിളികള്‍ പിന്തുണയുമായി രാഷ്ട്രീയ രംഗത്തു നിന്ന് എത്തിയ ആദ്യത്തെ വ്യക്തി.

ഇതിനുശേഷം ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് 'കീഴടങ്ങില്ല കീഴാറ്റൂര്‍' എന്ന മുദ്രാവാക്യമുയര്‍ത്തി വയല്‍കിളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നയിച്ച കര്‍ഷക രക്ഷാ മാര്‍ച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹയായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

ഈ ആവശ്യങ്ങളുയര്‍ത്തി ബിജെപി കേരളം ഘടകം കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മെയ്യില്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം കീഴാറ്റൂരിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. നിര്‍മ്മല്‍ പ്രസാദ്, എം.എസ്.ഷീബ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംഘം സ്ഥലത്ത് പഠനം നടത്തുകയും കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് നാട്ടുകാരുടെ പ്രതിനിധികള്‍ എന്നിവരില്‍ നിന്ന് നിവേദനം സ്വീകരിക്കുകയും ചെയ്തിരുന്നു.

കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊണ്ട പോരാളികളായ വയല്‍ കിളികളുടെ നേതാവ് ശ്രീ സുരേഷ് കീഴാറ്റൂരിനും സമര നായിക നമ്പ്രാടത്ത് ജാനകിയമ്മയ്ക്കും ബിജെപി കേരളം ഘടകത്തിന്റെ അഭിനന്ദനങ്ങള്‍.

സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ കര്‍ഷകരെയും പരിസ്ഥിതിയെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ബിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതും വയല്‍ക്കിളികളെ ഉള്‍പ്പെടെ ഡല്‍ഹിയ്ക്ക് കൊണ്ടുപോയി ചര്‍ച്ച നടത്തിയതും. കീഴാറ്റൂരില്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം പിന്നീട് തിരുത്തുകയായിരുന്നു. ഇതോടെ കേരള ബിജെപി പ്രതിസന്ധിയിലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com