കേസ് തുടങ്ങിയിട്ടേയുള്ളു; ഇങ്ങനെയൊരു തനി തല്ലിപ്പൊളി നോട്ടീസ് ഇറക്കിയവന്‍ ആരെന്ന് അറിയണം: കെ.എം ഷാജി

അഴിക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയതുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി കെ.എം ഷാജി
കേസ് തുടങ്ങിയിട്ടേയുള്ളു; ഇങ്ങനെയൊരു തനി തല്ലിപ്പൊളി നോട്ടീസ് ഇറക്കിയവന്‍ ആരെന്ന് അറിയണം: കെ.എം ഷാജി

കണ്ണൂര്‍: അഴിക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയതുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി കെ.എം ഷാജി. കേസ് തുടങ്ങുന്നതേയുള്ളു. ഒരു നോട്ടീസിന്റെ ബലത്തിലാണ് കേസ് വന്നത്. ഞാനല്ല അടിച്ചതെന്ന് എനിക്കുറപ്പുണ്ട്. കേസ് സുപ്രീംകോടതിയില്‍ നിന്ന് തള്ളിപ്പോയിട്ട് മാത്രം കാര്യമില്ലല്ലോ. ഇങ്ങനെയൊരു വൃത്തികെട്ട, നാട്ടില്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തനി തല്ലിപ്പൊള്ളിയായ ഒരു നോട്ടീസ് ഇറക്കിയവനാരാണ് എന്ന് അറിയണം. 

നോട്ടീസ് അടിച്ചത് ഞാനാണെങ്കില്‍ എന്നെ അയോഗ്യനാക്കട്ടെ. ഒരു സ്‌റ്റേയുടെ ബലത്തില്‍ എംഎല്‍എ ആയിരിക്കാന്‍ എനിക്ക് താത്പര്യമില്ല. 
ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവനെ എത്രവലിയ തമ്പുരാനായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേസ് തുടങ്ങുന്നതുമുതല്‍ അഴിക്കോട് മുതല്‍ ഉദ്യോഗസ്ഥരെ വിലക്കെടുത്ത് എനിക്കെതിരെ ഉപയോഗിച്ചുവെന്നും കെ.എം ഷാജി പറഞ്ഞു. 

ഷാജിയുടെ അപ്പീലിലാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ എകെ സിക്രി, എംആര്‍ ഷാ, അശോക് ഭൂഷണ്‍ എന്നിവര്‍ ഹൈക്കോടതി വിധി ഭാഗികമായി സ്‌റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതു വരെയാണ് സ്‌റ്റേ. അപ്പീല്‍ ജനുവരിയില്‍ പരിഗണിക്കും. അതുവരെ ഷാജിക്കു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി. ആനൂകൂല്യങ്ങള്‍ വാങ്ങാനുമാവില്ല.

ഹൈക്കോടതി സ്‌റ്റേ നീട്ടിനല്‍കാത്ത സാഹചര്യത്തില്‍ ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു. ഇന്ന് അപ്പീല്‍ പരിഗണിച്ചപ്പോള്‍ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പ്രചാരണത്തില്‍ മതവിശ്വാസത്തെ ദുരുപയോഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com