തൃക്കാക്കര നഗരസഭ യുഡിഎഫിന് നഷ്ടമായി ; ചെയര്‍പേഴ്‌സണെതിരായ അവിശ്വാസവും പാസ്സായി

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറായ ഷീല ചാരു പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്
തൃക്കാക്കര നഗരസഭ യുഡിഎഫിന് നഷ്ടമായി ; ചെയര്‍പേഴ്‌സണെതിരായ അവിശ്വാസവും പാസ്സായി

കൊച്ചി : തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി. ചെയര്‍പേഴ്‌സണെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറായ ഷീല ചാരു പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ചെയര്‍പേഴ്‌സണ്‍ എംടി ഓമനക്കെതിരെ ഭരണസ്തംഭനം ആരോപിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഷീല ചാരുവിന് പുറമെ, സിപിഎം വിമതനായി വിജയിച്ച കൗണ്‍സിലറും പിന്തുണക്കുകയായിരുന്നു. 

ഇന്നലെ നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെതിരായ അവിശ്വാസ പ്രമേയവും പാസ്സായിരുന്നു. ഷീല ചാരു മറുകണ്ടം ചാടിയതോടെയാണ് തൃക്കാക്കര നഗരസഭയിലെ ഭരണം എല്‍ഡിഎഫിന് തിരികെ പിടിക്കാനായത്.  43 അംഗ നഗരസഭയില്‍ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. 

കൂറുമാറാന്‍ കോണ്‍ഗ്രസ് അംഗമായ കൗണ്‍സിലര്‍ ഷീല ചാരുവിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നത്. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നത്.  എന്നാല്‍ വിപ്പ് കൈപ്പറ്റാതെ ഷീല ചാരു മുങ്ങിനടക്കുകയായിരുന്നു. മറുകണ്ടം ചാടിയ ഷീല ചാരുവിന്റെ വീട്ടിലേക്ക് ഇന്നലെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 

ഷീല ചാരു നഗരസഭ ചെയര്‍പേഴ്‌സണും, നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും, നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ കെ ടി എല്‍ദോ വൈസ് ചെയര്‍മാനും ആകുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം വിമതനായ എം എം നാസറിന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ് നഗരസഭയിലേത്. നേരത്തെ കെ കെ നീനുവിന്റെ നേതൃത്വത്തിലുള്ള ഇടതുഭരണത്തെ അട്ടിമറിച്ചാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com