നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി സി ജോര്‍ജ്ജ്; രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കും

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി സി ജോര്‍ജ്ജ്; രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കും

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്

തിരുവനന്തപുരം:  നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്. ബിജെപി അംഗം ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. 

പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിയെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. എല്ലാ പാര്‍ട്ടുകളുമായും സഖ്യത്തിന് ശ്രമിച്ചുവെന്നും പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ തനിക്കും ബിജെപിക്കും ഒരേനിലപാടാണെന്നും അതുകൊണ്ടാണ് സഹകരണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

സിപിഎമ്മുമായുളള ബന്ധം അവസാനിപ്പിച്ച്  പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി ചേര്‍ന്ന് ജനപക്ഷം പാര്‍ട്ടി അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചതിന് പിന്നാലെയാണ് ബിജെപിക്കൊപ്പം സഹകരിക്കാന്‍ തീരുമാനമായത്. തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു. 

പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സിപിഎം ജനപക്ഷം ധാരണയിലാണ് ഭരിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിന് നല്‍കാമെന്നാണ് ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ രൂപപ്പെട്ട ഭിന്നത ധാരണ അവസാനിപ്പിക്കുന്നതില്‍ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിലും ബിജെപി സഹകരണം തുറന്ന് പറഞ്ഞ് പി സി ജോര്‍ജ്ജ് രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com