നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ശബരിമലയും ബന്ധുനിയമനവും സഭയെ പ്രക്ഷുബ്ധമാക്കും

ഡിസംബര്‍ 13 വരെ ചേരുന്ന സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ്
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ശബരിമലയും ബന്ധുനിയമനവും സഭയെ പ്രക്ഷുബ്ധമാക്കും


തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ശബരിമല മുതല്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനം വരെയുള്ള പ്രശ്‌നങ്ങള്‍ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ഡിസംബര്‍ 13 വരെ ചേരുന്ന സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ്. 

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് സഭ വിളിച്ചുകൂട്ടിയിട്ടുള്ളത്. മഞ്ചേശ്വരം എം.എല്‍.എ,ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിനും എംഐ ഷാനവാസ് എംപിക്കും  ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 

അതേസമയം ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും. സുപ്രീംകോടതി വിധിയും നവോത്ഥാന നിലപാടും ഉയര്‍ത്തിയാകും സര്‍ക്കാരിന്റെ പ്രതിരോധം.

ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പി കെ ശശിയുടെ ലൈംഗിക പീഡനവും ചര്‍ച്ചയായേക്കും. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ചതിനാല്‍ കെ എം ഷാജി പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 

ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com