മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; മുസ്ലീം ലീഗ് നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി പരാതി

ഉറുദു അധ്യാപകനായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെ 19 വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്
മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; മുസ്ലീം ലീഗ് നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി പരാതി

മലപ്പുറം; വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം നേരിടുന്ന അധ്യാപകനെ സഹപ്രവര്‍ത്തകര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പരാതി. മലപ്പുറം ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും യൂത്ത് ലീഗ് നേതാവുമായ അധ്യാപകനെതിരേ പരാതിയുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 

ഉറുദു അധ്യാപകനായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെ 19 വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം ചുമതലയുള്ള അഫ്‌സല്‍ റഹ്മാന്‍ മുറിയിലേക്ക് കുട്ടികളെ വിളിച്ചു വരുത്തുകയും അവരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് കുട്ടികള്‍ പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം പൊലീസിന് പരാതി കൈമാറി. അഫ്‌സല്‍ റഹ്മാനെതിരേ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചില അധ്യാപകര്‍ പരാതി പിന്‍വലിക്കണം എന്നാവശ്യവുമായി കുട്ടികളെ സമ്മര്‍ദ്ദം ചെലുത്തിയത്. 

മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് അഫ്‌സല്‍ റഹ്മാന്‍. രാഷ്ട്രീയ താത്പര്യം മൂലം അഫ്‌സല്‍ റഹ്മാനെതിരെയുള്ള  പരാതി പിന്‍വലിക്കാന്‍ സഹപ്രവര്‍ത്തകരായ ചില അധ്യാപകര്‍ പെണ്‍കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അഫ്‌സല്‍ റഹ്മാനെ സസ്‌പെന്റ് ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ മാനേജ്‌മെന്റിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.പൊലീസ് കേസെടുത്തതിനു പിന്നാലെ അഫ്‌സല്‍ റഹ്മാന്‍ ഒളിവില്‍ പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com