ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിയമസഭ സ്തംഭിപ്പിക്കും; അകത്തും പുറത്തും പ്രക്ഷോഭമെന്ന് യുഡിഎഫ് 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിയമസഭ സ്തംഭിപ്പിക്കും; അകത്തും പുറത്തും പ്രക്ഷോഭമെന്ന് യുഡിഎഫ് 

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്. ഇതുസംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതുവികാരം കണക്കിലെടുത്താണ് യുഡിഎഫ് തീരുമാനം. നിരോധനാജ്ഞ പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനം ഉണ്ടാകുന്നതുവരെ സഭയുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ഏകസ്വരത്തില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സഭയ്ക്ക് പുറത്തും അകത്തും പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. 

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഏതറ്റം വരെയും പോകാന്‍ രാവിലെ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ചത്. 

ഇതിനിടെ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി എം വിന്‍സന്റ് എംഎല്‍എ കൊണ്ടുവന്ന സ്വകാര്യബില്ലിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.സുപ്രിംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. അയ്യപ്പ വിശ്വാസികളെ പ്രത്യേകമതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്  കോവളം എംഎല്‍എ സ്വകാര്യ ബില്ലിന് അനുമതി തേടിയത്. 

ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. സുപ്രിം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ല.   അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നുമായിരുന്നു നിയമ വകുപ്പില്‍ നിന്നുള്ള മറുപടി. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും നിയമവകുപ്പ്  നിയമോപദേശം നല്‍കി. 

ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നിഷേധിച്ചു. സുപ്രിംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. നിയമവകുപ്പിന്റെ മറുപടിയ്‌ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com