എന്‍ഡിഎയില്‍ നിന്ന് എല്‍ഡിഎഫിലേക്ക്; ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്  സി കെ ജാനു: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

എന്‍ഡിഎ വിട്ട സി കെ ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ ഇടുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു
എന്‍ഡിഎയില്‍ നിന്ന് എല്‍ഡിഎഫിലേക്ക്; ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്  സി കെ ജാനു: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കോഴിക്കോട്: എന്‍ഡിഎ വിട്ട സി കെ ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ ഇടുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജാനു വ്യക്തമാക്കി. നേരത്തെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലനുമായും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജാനു ചര്‍ച്ച നടത്തിയിരുന്നു. 

എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒക്ടോബറില്‍ ജാനു മുന്നണി വിട്ടത്. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു കുറ്റപ്പെടുത്തിയിരുന്നു. 

മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെപ്പറ്റി പലതവണ ചര്‍ച്ച ചെയ്തതാണ്. ബിജെപിയുടെ ആവശ്യപ്രകാരം കക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അവസാന നിമിഷം വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജാനു പറഞ്ഞിരുന്നു. 

2015ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ജാനു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നത്. കേന്ദ്ര മന്ത്രിസ്ഥാനവും വിവിധ വകുപ്പുകളില്‍ ഉന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്താണ് ബിജെപി ജാനുവിനെ ഒപ്പം കൂട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാതെ ജാനുവും കൂട്ടരും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപി ഇവരെ അവഗണിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com