കീഴാറ്റൂര്‍ ബൈപ്പാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല: മുന്‍ സംസ്ഥാന അധ്യക്ഷന്‍

കീഴാറ്റൂര്‍ ബൈപ്പാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍.
കീഴാറ്റൂര്‍ ബൈപ്പാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല: മുന്‍ സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: കീഴാറ്റൂര്‍ ബൈപ്പാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍. വയല്‍ക്കിളി സമരത്തില്‍ ബിജെപി ഇടപെട്ടത് ആത്മാര്‍ത്ഥമായി തന്നെയാണ്. ബിജെപി വഞ്ചിച്ചുവെന്ന സമരനേതാക്കളുടെ പ്രതികരണത്തോട് യോജിക്കുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു. 

ഇത്തരം പ്രചാരണം ശരിയല്ല. പാര്‍ട്ടി ഇനിയും സമരക്കാര്‍ക്ക് ഒപ്പം നില്‍ക്കും. വിഷയത്തില്‍ അന്തിമ വിജ്ഞാപനമായിട്ടില്ല. ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് വയലിലൂടെ തന്നെ ദേശീയപാത ബൈപ്പാസ് മുന്നോട്ടുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയത്. ബൈപ്പാസ് വിരുദ്ധ സമരം കത്തി നിന്ന സമയത്ത് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി, കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഉത്തരവ് നേടിയെടുത്തു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. 

ബൈപ്പാസില്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രം അന്തിമ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്ന ബിജെപിയുടെ വാഗ്ദാനമാണ് പാഴായത്.ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂവുടമകളുടെ ഹിയറിംഗിനുള്ള തിയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ത്രീജി3 എന്ന അന്തിമ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് പ്രമുഖ പത്രങ്ങളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com