തീർത്ഥാടകരും നടവരവും കുറയുന്നു ; കൂടുതൽ ഭക്തരെ എത്തിക്കാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്

ദർശനം കഴിഞ്ഞ് മടങ്ങുന്ന ഇതരസംസ്ഥാന ഭക്തരെ ശബരിമലയിലെ സൗകര്യങ്ങൾ ബോധ്യപ്പെടുത്തി കൂടുതൽ ഭക്തരെ എത്തിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്
തീർത്ഥാടകരും നടവരവും കുറയുന്നു ; കൂടുതൽ ഭക്തരെ എത്തിക്കാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകർ കുറയുന്നതിൽ ആശങ്കയോടെ ദേവസ്വം ബോർഡ്. തീർത്ഥാടകരുടെ കുറവ് നടവരവിലും ബാധിക്കുന്നുണ്ട്. ഇത്  കണക്കിലെടുത്ത് കൂടുതൽ ഭക്തരെ എത്തിക്കാൻ നടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്. മറ്റുസംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതുൾപ്പെടെയുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ദർശനം കഴിഞ്ഞ് മടങ്ങുന്ന ഇതരസംസ്ഥാന ഭക്തരെ ശബരിമലയിലെ സൗകര്യങ്ങൾ ബോധ്യപ്പെടുത്തി അവരിലൂടെ കൂടുതൽ ഭക്തരെ എത്തിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. നിരോധനാജ്ഞ നീട്ടുന്നത് ഭക്തർക്ക് തടസ്സമാകില്ലെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു.  നിയന്ത്രണങ്ങൾ ഭക്തർക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെങ്കിൽ പോലീസുമായി സംസാരിച്ച് പരിഹാരമുണ്ടാക്കും.

തിങ്കളാഴ്ച സന്നിധാനത്ത് തിരക്കുണ്ടായെങ്കിലും വരുമാനത്തിൽ കാര്യമായ വർധനയുണ്ടായില്ലെന്നാണ് വിലയിരുത്തൽ. അപ്പം, അരവണവില്പനയും കുറവാണ്. ചൊവ്വാഴ്ചയും സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടകം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ശബരിമലയിലെ വരുമാനം കുറയ്ക്കാൻ ആസൂത്രിതശ്രമങ്ങളുണ്ടെന്ന് ബോർഡ് ആരോപിക്കുന്നു. ഇതിനെതിരായ പ്രചാരണപ്രവർത്തനങ്ങളും ബോർഡ് ഉദ്ദേശിക്കുന്നുണ്ട്.

അയ്യപ്പൻമാർ നിലയ്ക്കലിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി. ബസിൽ കയറി പമ്പയിലെത്തി സന്നിധാനത്തേക്ക് പോകണമെന്നാണ് പൊലീസിന്റെ  
കർശന നിർദേശം.  പുറത്തുനിന്ന് ബസ് ബുക്കുചെയ്ത് വരുന്ന ഭക്തർ കൂടുതലായി വരാത്തതിന്റെ ഒരുകാരണം അതാകാമെന്നും ബോർഡ് വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com