ദുരൂഹത നീക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പൊലീസ്; രക്തസാമ്പിളുകള്‍ അടക്കം പരിശോധിക്കുന്നു

സീറ്റിലും സ്റ്റിയറിങ്ങിലും പടര്‍ന്ന് രക്തത്തില്‍ നിന്നും വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം
ദുരൂഹത നീക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പൊലീസ്; രക്തസാമ്പിളുകള്‍ അടക്കം പരിശോധിക്കുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങുന്നതിനായി പൊലീസ് ശാസ്ത്രീയ തെളിവുകള്‍ തേടുന്നു. രക്ത സാമ്പിളുകളും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ഒരിക്കല്‍ കൂടി പരിശോധിക്കും. 

ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമേ അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്നാണ് അന്വേഷണ സംഘത്തിന്റ നിലപാട്. ബാലഭാസ്‌കറാണ് അപകടം നടക്കുന്ന സമയം വാഹനം ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. 

എന്നാല്‍ ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു എന്നും, അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നുമാണ് ലക്ഷ്മി പൊലീസിന് നല്‍കിയ മൊഴി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കാറില്‍ നിന്നും ലഭിച്ച രക്ത സാമ്പിളുകളും, മറ്റ് ശാസ്ത്രീയ തെളിവുകളും പൊലീസ് തേടുന്നത്. അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നാണ് സാക്ഷിമൊഴികള്‍. അഞ്ച് പേരാണ് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നതായി മൊഴി നല്‍കിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ പേരുടെ മൊഴി എടുക്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറയുന്നു.

അപകടത്തില്‍ ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനേറ്റ ആഘാതം എന്നിവയിലൂടെയും, സീറ്റിലും സ്റ്റിയറിങ്ങിലും പടര്‍ന്ന് രക്തത്തില്‍ നിന്നും വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശാസ്ത്രിയ ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com