രണ്ട് ബ്രാന്‍ഡ് കുപ്പിവെളളത്തില്‍ അപകടകാരിയായ ഇ കോളി, 13 ബ്രാന്‍ഡുകളില്‍ ഫംഗസും യീസ്റ്റും പൂപ്പലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി  

സംസ്ഥാനത്ത് വില്‍പന നടത്തുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി
രണ്ട് ബ്രാന്‍ഡ് കുപ്പിവെളളത്തില്‍ അപകടകാരിയായ ഇ കോളി, 13 ബ്രാന്‍ഡുകളില്‍ ഫംഗസും യീസ്റ്റും പൂപ്പലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി  

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അഞ്ച് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

മനുഷ്യരുടെയും മൃഗങ്ങളുടെയും ആമാശയഭാഗങ്ങളിലാണ് ഇകോളി ബാക്ടീരിയ കണ്ടുവരുന്നത്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ ഇതു കാരണമാകും. മനുഷ്യവിസര്‍ജ്യത്തിലാണ് ഇതു പ്രധാനമായും കാണപ്പെടുന്നത്. ശരിയായി വേവിക്കാത്ത മാംസം, മലിനജലം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ  ശരീരത്തിലെത്തുന്നത്.

മൃതസഞ്ജീവനി പദ്ധതിയില്‍ സംസ്ഥാനത്ത് അവയവങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 180 ഓളം പേര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചുവെന്നും അനൂപ് ജേക്കബിന് മറുപടിയായി മന്ത്രി പറഞ്ഞു. പദ്ധതിയില്‍ വ്യക്ക മാറ്റിവയ്ക്കുന്നതിന് 1,756 പേരും ഹൃദയം മാറ്റിവയ്ക്കുന്നതിന് 36 പേരും കരള്‍ മാറ്റിവയ്ക്കുന്നതിന് 375 പേരും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാനസര്‍ക്കാര്‍ പങ്കാളിയാകുമെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ അറിയിച്ചു. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com