ശബരിമല സമരക്കാര്‍ക്കെതിരേയുള്ള പീഡനം അന്വേഷിക്കാന്‍ ബിജെപി; അമിത്ഷാ നാലംഗ സമിതിയെ നിയോഗിച്ചു

ശബരിമലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങളെക്കുറിച്ചും പഠിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്
ശബരിമല സമരക്കാര്‍ക്കെതിരേയുള്ള പീഡനം അന്വേഷിക്കാന്‍ ബിജെപി; അമിത്ഷാ നാലംഗ സമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ശബരിമല വിഷയം ആളിക്കത്തിച്ച് കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി നേതൃത്വം. സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി വിധിക്ക് എതിരായിരുന്നു. ശബരിമല പ്രതിഷേധം ശക്തമാക്കണം എന്ന നിലപാടുമായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പടെയുള്ളവര്‍ കേരളത്തിലേക്ക് ഓടിയെത്തി. ഇപ്പോള്‍ ശബരിമല സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാന്‍ എംപിമാരുടെ നാലംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ബിജെപി. 

ശബരിമലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങളെക്കുറിച്ചും പഠിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും അന്വേഷിക്കും. പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ എന്നീ എംപിമാരാണ് സമിതി അംഗങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇവരെ നിയോഗിച്ചത്. സമിതി വിഷയം പഠിച്ച ശേഷം 15 ദിവസത്തിനുള്ളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കേരളം ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്. ആദ്യം വിധിയെ അംഗീകരിച്ച ബിജെപി പിന്നീട് ഇത് തള്ളിപ്പറഞ്ഞ് പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ശബരിമലയിലൂടെ കേരളം പിടിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com