സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി; വലിയ നടപ്പന്തലില്‍ വിരിവയ്ക്കാം, നാമജപത്തിനായി കൂട്ടംകൂടുന്നതിന് വിലക്കില്ല, നിയമവിരുദ്ധമായി സംഘംചേരാന്‍ അനുവദിക്കില്ല

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിപ്പ്
സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി; വലിയ നടപ്പന്തലില്‍ വിരിവയ്ക്കാം, നാമജപത്തിനായി കൂട്ടംകൂടുന്നതിന് വിലക്കില്ല, നിയമവിരുദ്ധമായി സംഘംചേരാന്‍ അനുവദിക്കില്ല

ശബരിമല: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിപ്പ്. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപം നടത്തുന്നതിനുമുളള നിയന്ത്രണങ്ങളാണ് നീക്കിയത്. ഇനി രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവയ്ക്കാം. തീരുമാനം ഉച്ചഭാക്ഷിണിയിലുടെ തീര്‍ത്ഥാകരെ അറിയിക്കുന്നു.

നാമജപം നടത്തുന്നതിന് കൂട്ടംകൂടുന്നതിനും ഇനി മുതല്‍ വിലക്കില്ല. ജില്ലാ കലക്ടര്‍ നേരിട്ട് എത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമേ പൊലീസ് ഇടപെടുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വലിയ നടപ്പന്തലില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും വിരിവെയ്ക്കാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. 

ശബരിമലയില്‍ പൊലീസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സന്നിധാനത്ത് നാമജപം പാടില്ലെന്ന പൊലീസിന്റെ സര്‍ക്കുലര്‍ കോടതി റദ്ദാക്കി. നടപ്പന്തലില്‍ സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് വിരിവെയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഈ സമയത്ത് ദര്‍ശനത്തിന് വരുന്നവര്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ നടപടി. 

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം സുഗമമമായി മുന്നോട്ടുപോകാന്‍ മൂന്നു നിരീക്ഷകരെ കോടതി നിയോഗിച്ചിട്ടുണ്ട്. റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരെയാണ് കോടതി നിരീക്ഷകരായി നിയോഗിച്ചത്.തീര്‍ത്ഥാടനക്കാലം കഴിയുന്നതുവരെയാണ് ഇവരുടെ കാലാവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com