സുരേന്ദ്രന്‍ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി

സുരേന്ദ്രന്‍ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി
സുരേന്ദ്രന്‍ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസിലെ ഒന്നാംപ്രതിയുമായി സുരേന്ദ്രന്റെ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

അതേസമയം സുരേന്ദ്രനെതിരെ ബോധപൂര്‍വം നിരന്തരം കേസുകള്‍ എടുക്കുകയാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ കെ രാംകുമാര്‍ ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ച ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രനെ അന്യായമായി ജയില്‍ പാര്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ രണ്ടാമത്തെ കേസിലെ പ്രൊഡക്ഷന്‍ വാറന്റ് ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. വാറന്റ് ഉണ്ടെന്ന അറിയിപ്പു ലഭിച്ചിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

അതിനിടെ ശബരിമല സമരവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. 

ശബരിമല ദര്‍ശനത്തിനായി ഈ മാസം 16ന എത്തിയ, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. പുലര്‍ച്ചെ എത്തിയ തൃപ്തിയെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാനാവാത്ത വിധം ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. ഉച്ചയ്ക്കു ശേഷമാണ് സുരേന്ദ്രന്‍ സംഭവസ്ഥലത്ത് എത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധം നടത്തിയതിന് ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയത്.

നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോവാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതിനു മുമ്പുതന്നെ ഭക്തയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പുറത്തിറങ്ങാനാവാത്ത വിധം തനിക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണെന്ന ആരോപണവുമായി സുരേന്ദ്രനും ബിജെപി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com