രഹന ഫാത്തിമയെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ; കോടതി വിധി നാളെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2018 02:32 PM |
Last Updated: 29th November 2018 02:32 PM | A+A A- |

പത്തനംതിട്ട: മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി നാളെ വിധി പറയും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രഹന ഫാത്തിമയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ വിധി പ്രസ്താവിക്കുക.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രഹനയെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ 14 ദിവസത്തേക്കാണ് രഹനയെ കോടതി റിമാന്‍ഡ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതിരുന്നു. ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നിഷന്‍ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്റ് ചെയ്തത്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.