5 കോടിയുടെ കുടിശിക, അറിഞ്ഞില്ലെന്ന് വീട്ടമ്മ; ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ആത്മഹത്യാഭീഷണി,  നാടകീയ രംഗങ്ങള്‍ 

പ്രീത ഷാജിക്ക് സമാനമായി വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ പ്രവാസി വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി
5 കോടിയുടെ കുടിശിക, അറിഞ്ഞില്ലെന്ന് വീട്ടമ്മ; ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ആത്മഹത്യാഭീഷണി,  നാടകീയ രംഗങ്ങള്‍ 

കാക്കനാട് : പ്രീത ഷാജിക്ക് സമാനമായി വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ പ്രവാസി വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി.മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ ജപ്തി നടത്താന്‍ കഴിയാതെ ബാങ്ക് ഉദ്യോഗസ്ഥര്‍ മടങ്ങി. അഞ്ചു കോടി രൂപയുടെ ബാങ്ക് വായ്പ കുടിശിക ഈടാക്കാന്‍ വീട് ജപ്തി ചെയ്യാനെത്തിയതാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് മുമ്പിലാണ് 70വയസുളള വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വായ്പ എടുത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് വീട്ടമ്മ പറയുന്നത്.

5 മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും ജപ്തി നടത്താതെ പിന്‍വാങ്ങുകയായിരുന്നു. അഞ്ചു മണിയായപ്പോള്‍ നിയമപ്രകാരം ജപ്തിക്കുള്ള സമയപരിധി കഴിഞ്ഞെന്ന് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന്് ഒരാഴ്ചയ്ക്കകം ബാങ്കിലെത്തി പരിഹാരം ഉണ്ടാക്കാമെന്ന് വീട്ടമ്മയില്‍ നിന്ന് എഴുതി വാങ്ങിയാണ് ബാങ്ക് അധികൃതര്‍ മടങ്ങിയത്. 

വിദേശത്തു നഴ്‌സായിരുന്ന 70 വയസുള്ള വീട്ടമ്മ താമസിക്കുന്ന ചെമ്പുമുക്ക് കെ കെ റോഡിലെ വീട്ടിലായിരുന്നു സംഭവം. ഇവരുടെ വീടും സ്ഥലവും ഈട് നല്‍കി മറ്റു രണ്ടു പേര്‍ 2.5 കോടി രൂപ ബാങ്കില്‍ നിന്നു ബിസിനസ് ആവശ്യത്തിനായി വായ്പയെടുത്തിരുന്നു. തിരിച്ചടവില്‍ വീഴ്ച വന്നതോടെ തുക പെരുകി 4.97 കോടി രൂപ കുടിശികയായി. 

ഇത് ഈടാക്കാന്‍ പലതവണ ബാങ്കുകാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒത്തു തീര്‍പ്പു പ്രകാരം പിഴപ്പലിശ ഉള്‍പ്പെടെ കുറവു വരുത്തി 1.78 കോടി അടച്ചു വായ്പ തീര്‍ക്കാന്‍ നേരത്തെ ബാങ്ക് നല്‍കിയ നിര്‍ദേശവും ഇവര്‍ പാലിച്ചില്ലത്രെ. ഇതേ തുടര്‍ന്നു ചെമ്പുമുക്കിലെ 15 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യാന്‍ ഉത്തരവ് സമ്പാദിച്ച ബാങ്ക് അധികൃതര്‍, പൊലിസ് സന്നാഹത്തോടെ ഇന്നലെ രാവിലെ 11ന് വീട്ടിലെത്തി. ഇവരെ കണ്ടു അകത്തു കയറി വീട് അടച്ചു പൂട്ടിയ വീട്ടമ്മ, വീട് ജപ്തി ചെയ്താല്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മണ്ണെണ്ണയും സിഗരറ്റ് ലൈറ്ററും കയ്യിലേന്തി ജനലിനരികില്‍ നിലയുറപ്പിച്ചു.

വീട് തുറന്നില്ലെങ്കില്‍ വാതില്‍ പൊളിച്ചു അകത്തു കടന്നു ജപ്തി പൂര്‍ത്തിയാക്കുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും തീ കൊളുത്തുമെന്ന നിലപാട് വീട്ടമ്മ ആവര്‍ത്തിച്ചു. മണിക്കൂറുകളോളം അനുരഞ്ജന ശ്രമം നടത്തിയിട്ടും വീട്ടമ്മ വാതില്‍ തുറന്നില്ല. നാലു മണിയോടെ തൃക്കാക്കര എസ്‌ഐ ഷബാബ് കാസിമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. വീട്ടമ്മയുടെ നിലപാടില്‍ അയവില്ലായിരുന്നു. നഗരസഭ കൗണ്‍സിലര്‍ റോണി മേരി സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെട്ടെങ്കിലും കോടതി നിര്‍ദേശമായതിനാല്‍ പിന്‍വാങ്ങാനാകില്ലെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു.ബാങ്ക് ജീവനക്കാര്‍ പലതവണ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ കൊളുത്തുമെന്നു പറഞ്ഞ് വീട്ടമ്മ വീടിനകത്തേക്കു പോയതിനാല്‍ ശ്രമം ഉപേക്ഷിച്ചു. 

ഇവര്‍ തനിച്ചാണ് താമസം. മകന്‍ ചെന്നൈയിലാണെന്നു പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു സുഹൃത്തുക്കള്‍ വസ്തുവിന്റെ ആധാരം മറ്റെന്തോ ആവശ്യത്തിനു വാങ്ങിക്കൊണ്ടു പോയതാണത്രെ. പിന്നീട് ബാങ്കില്‍ സാക്ഷിയാകാന്‍ തന്നെ വിളിച്ചു കൊണ്ടുപോയി ഒപ്പു വപ്പിച്ചെന്നാണ് വീട്ടമ്മ പറയുന്നത്. എന്നാല്‍ ബിസിനസ് ആവശ്യത്തിന് ഇവര്‍ അറിഞ്ഞു കൊണ്ടുതന്നെ വായ്പയെടുത്തതാണെന്നു ബാങ്ക് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com