'ആര്‍ത്തവാശുദ്ധിയെ കുറിച്ച് ചോദിച്ചാല്‍ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും'; ആര്‍എസ്എസ്സുകാരുടെ വക്കാലത്ത് രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നത് എന്തിനെന്ന് തോമസ് ഐസക്

ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഹൈക്കോടതി ശരിവെച്ച നടപടിയാണ്. അതു പിന്‍വലിക്കണമെന്ന് ആര്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്?
'ആര്‍ത്തവാശുദ്ധിയെ കുറിച്ച് ചോദിച്ചാല്‍ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും'; ആര്‍എസ്എസ്സുകാരുടെ വക്കാലത്ത് രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നത് എന്തിനെന്ന് തോമസ് ഐസക്

ബരിമല വിഷയത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറ്റ് വിഷയങ്ങളെക്കുറിച്ചാണ് രമേശ് ചെന്നിത്തല പറയുന്നത് എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലൂടെ ധനമന്ത്രി കുത്തിത്തിരിപ്പുണ്ടാക്കുകയാണ് എന്ന ആരോപണത്തിനുള്ള മറുപടിയാണ് പോസ്റ്റ്. 

ഒരു വിഷയത്തില്‍ ഊന്നിയ ചര്‍ച്ചയെ അട്ടിമറിക്കാന്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതര്‍ക്കവുമായി ഇറങ്ങുകയാണ് പ്രതിപക്ഷ നേതാവ്. സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആര്‍ത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാല്‍ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ചാണ് പറയുന്നത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആര്‍എസ്എസ്സുകാരാണ്. അവര്‍ക്കുവേണ്ടി രമേശ് ചെന്നിത്തല വക്കാലത്തുമായി വരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ്സുകാര്‍ ശബരിമലയിലുണ്ടാക്കിയ പേക്കൂത്തുകള്‍ എല്ലാവരും ലൈവായി കണ്ടതാണെന്നും എന്നാല്‍ അതിനെക്കുറിച്ച് ചെന്നിത്തല സഭയിലോ പുറത്തോ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 

തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

'വാട്ട് എബൌട്ടറി' എന്നൊരു ലോജിക്കല്‍ ഫാലസിയെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കേട്ടിട്ടുണ്ടോ ആവോ? ഒരു വിഷയത്തില്‍ ഊന്നിയ ചര്‍ച്ചയെ അട്ടിമറിക്കാന്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതര്‍ക്കവുമായി ഇറങ്ങും. പരാമര്‍ശിത വിഷയത്തില്‍ ഒന്നും പറയാനില്ലത്തപ്പോഴാണ് ഈ അടവ്. ലളിതമായി പറഞ്ഞാല്‍, സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആര്‍ത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാല്‍ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയുന്നതാണ് വാട്ട് എബൌട്ടറി.

അറം പറ്റുന്നു എന്ന പ്രയോഗത്തില്‍പിടിച്ചുള്ള അഭ്യാസമൊക്കെ അവിടെ നില്‍ക്കട്ടെ. ശബരിമലയിലെ യുവതിപ്രവേശം സാധ്യമാക്കിയ സുപ്രിംകോടതി വിധിയെക്കുറിച്ചാണല്ലോ നമ്മുടെ ചര്‍ച്ച. രമേശ് ചെന്നിത്തലയുടെ സുദീര്‍ഘമായ മറുപടി ഞാന്‍ വായിച്ചു നോക്കി. ഇപ്പറഞ്ഞ വിഷയത്തിലെ നിലപാടു കണ്ടുപിടിക്കാന്‍. ആ വിഷയത്തില്‍ മാത്രം തൊടാതെ ട്രിപ്പീസുകളിയിലെ പ്രാഗത്ഭ്യം പ്രദര്‍ശിപ്പിക്കുകയാണ് പതിവുപോലെ പ്രതിപക്ഷ നേതാവ്.

വിഷയം ശബരിമലയിലെ യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോള്‍ വിഷയം മാറ്റിയിട്ടൊന്നും ഒരു കാര്യവുമില്ല. എന്തിനാണ് ഇന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്? സമരം ആസൂത്രണം ചെയ്ത ബിജെപി പിന്മാറിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞിരിക്കുമല്ലോ? ആ സമരത്തിലേയ്ക്കാണല്ലോ കൊടിപിടിക്കാതെ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാരെ നിയോഗിച്ചത്? ഇപ്പോഴോ?

ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഹൈക്കോടതി ശരിവെച്ച നടപടിയാണ്. അതു പിന്‍വലിക്കണമെന്ന് ആര്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? ശബരിമലയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ വരുന്നത് ആര്‍എസ്എസുകാരാണ്. നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടി സമരം ഉപേക്ഷിച്ചു പോകേണ്ടിവന്നതും അവര്‍ക്കാണ്. അവരുടെ വക്കാലത്തെന്തിന് രമേശ് ചെന്നിത്തല ഏറ്റെടുക്കണം?

ആര്‍എസ്എസുകാരായ വത്സന്‍ തില്ലങ്കേരി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരാണ് ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്ക് കാരണക്കാര്‍. അവരില്‍ ചിലര്‍ ഇപ്പോള്‍ ജയിലിലാണ്. റാന്നി താലൂക്കില്‍പ്പോലും പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് അക്രമികള്‍ക്ക് ജാമ്യം ലഭിച്ചത്. ശബരിമലയില്‍ അവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ലൈവായി കണ്ടവരാണ് നാം. എന്തുകൊണ്ടാണ് അവര്‍ക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തത്?

ശബരിമലയെച്ചൊല്ലി സംഘപരിവാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കു പിന്നിലെ സവര്‍ണതാല്‍പര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷ നേതാവ് അരിശം കൊണ്ടിട്ടു കാര്യമില്ല. ചരിത്രത്തില്‍ സാമാന്യമായ ധാരണയെങ്കിലുമുള്ള ആര്‍ക്കും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന സവര്‍ണതയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാം.

ശബരിമലയിലെ സ്ത്രീവിലക്കിനെ ന്യായീകരിക്കാന്‍ ആര്‍ത്താവശുദ്ധിയാണ് സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. ഇക്കാര്യം പരസ്യമാണ്.

തന്ത്രസമുച്ചയം, ശാങ്കരസ്മൃതി തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളെ ആധാരമാക്കി സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആര്‍ത്തവാശുദ്ധിയെ ചെന്നിത്തലയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഈ പ്രാചീനഗ്രന്ഥങ്ങളില്‍ വിവക്ഷിച്ചിരിക്കുന്ന ആചാരങ്ങള്‍ ഇക്കാലത്തും പാലിക്കണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടോ? എന്തുകൊണ്ടാണ് ഈ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്വീകരിച്ച നിലപാടിനോട് കേരളത്തിലെ ഘടകം വിയോജിക്കുന്നത്? അതിന്റെ കാരണങ്ങള്‍ പറയൂ. നമുക്കു ചര്‍ച്ച ചെയ്യാം.

ശബരിമല കേസിലെ സുപ്രിംകോടതി അദ്ദേഹം മനസിരുത്തി വായിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. Convention on Elimination of all forms of Discrimination Against Women (CEDAW) എന്ന അന്താരാഷ്ട്ര ഉടമ്പടിയെക്കുറിച്ച് ആ വിധിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. 1980ലാണ് ഈ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചത്. ആര്‍ത്തവത്തെ ആധാരമാക്കി പാരമ്പര്യമായി സ്ത്രീയ്ക്കു കല്‍പ്പിച്ചിരിക്കുന്ന ഭ്രഷ്ട് തുടങ്ങിയ വിവേചനങ്ങള്‍ ഒഴിവാക്കേണ്ടത് ഈ ഉടമ്പടിയില്‍ ഒപ്പുവെച്ച അംഗരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വാസികളെപ്പിടിച്ചാണല്ലോ, ഇരട്ടത്താപ്പിന്റെയും മലക്കം മറിയലിന്റെയും പുതിയ അടവുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ കാര്യവും പറയാം. ഏതു വിശ്വാസിയ്‌ക്കൊപ്പമാണ് ചെന്നിത്തലയും സംഘവും? ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കരുത് എന്ന നിലപാടാണോ എല്ലാ വിശ്വാസികള്‍ക്കും? അല്ലല്ലോ. നിത്യ ചൈതന്യയതി മുതല്‍ ലീലാവതി ടീച്ചര്‍ വരെയുള്ളവരെ വിശ്വാസികളുടെ ഗണത്തില്‍പ്പെടുത്താന്‍ രമേശ് ചെന്നിത്തല തയ്യാറാകുമോ?

1991ലെ ഹൈക്കോടതി വിധി വന്നപ്പോള്‍ അതിനെ ധീരമായി എതിര്‍ത്ത വിശ്വാസിയാണ് നിത്യചൈതന്യ യതി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത വിശ്വാസിയാണ് ലീലാവതി ടീച്ചര്‍. അങ്ങനെ രാജ്യത്തെ ഭരണഘടനയ്ക്കും സുപ്രിംകോടതി വിധിയ്ക്കും ഒപ്പം നില്‍ക്കുന്ന വിശ്വാസികളുണ്ട്. അവരെ പരിഗണിക്കാനോ അവരുടെ നിലപാടു മനസിലാക്കാനോ രമേശ് ചെന്നിത്തല തയ്യാറാകുമോ? ഈ വിശ്വാസികളെ തഴഞ്ഞ് ആര്‍എസ്എസിനും സംഘപരിവാറിനും ഒപ്പം നില്‍ക്കുന്നതിന്റെ ന്യായമെന്ത്?

ഇക്കാര്യങ്ങളിലൊക്കെ എന്താണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്? കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവല്ലേ, രമേശ് ചെന്നിത്തല? നിലപാടു പറയാനുള്ള ബാധ്യതയില്‍ നിന്ന് എന്തിനൊളിച്ചോടുന്നു? കാടുംപടപ്പും തല്ലി ഒച്ചയുണ്ടാക്കി ആരെപ്പറ്റിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്?

'ഈ ലോകം നശിക്കുന്നതു തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല, പകരം തിന്മ കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരെ കൊണ്ടായിരിക്കും'എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വരികള്‍ രമേശ് ചെന്നിത്തല തന്റെ മറുപടിക്കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. നല്ല കാര്യം.

തിന്മ ചെയ്യുന്ന ആര്‍എസ്എസും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന ചെന്നിത്തലയും തീര്‍ച്ചയായും ഐന്‍സ്റ്റീന്‍ കുറിച്ച വരികളുടെ പരിധിയില്‍ വരും. കേരള ജനതയെ അതോര്‍മ്മിപ്പിച്ചതിന് നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com