കളിത്തോക്ക് ചൂണ്ടി ഭീഷണി, യഥാര്‍ത്ഥ തോക്ക് എന്ന് കരുതി പൊലീസ് സംയമനം പാലിച്ചു; ഗുണ്ട ഓടി രക്ഷപ്പെട്ടു, കൂട്ടാളികള്‍ പിടിയില്‍ 

കളിത്തോക്ക് ചൂണ്ടി ഭീഷണി, യഥാര്‍ത്ഥ തോക്ക് എന്ന് കരുതി പൊലീസ് സംയമനം പാലിച്ചു; ഗുണ്ട ഓടി രക്ഷപ്പെട്ടു, കൂട്ടാളികള്‍ പിടിയില്‍ 

പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ട രക്ഷപ്പെട്ടു

തൃശൂര്‍: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ട രക്ഷപ്പെട്ടു. കൂട്ടാളികളായ 4 പേര്‍ അറസ്റ്റില്‍. വീടുവളഞ്ഞു പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ വലിയാലുക്കല്‍ സ്വദേശി വിവേകിനെ പൊലീസ് തിരയുന്നു. മനക്കൊടി വെളിയന്നൂര്‍ പള്ളിമാക്കല്‍ രോഹിത് കുമാര്‍ (22), പുരടക്കല്‍ ജിതിന്‍ (20), കിഴക്കൂട്ട് നിതിന്‍രാഗ് (24), മുളയം ചവറാംപാടം ചുങ്കത്ത് മിഥുന്‍ (22) എന്നിവരെയാണ് എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 നഗരമധ്യത്തില്‍ യുവാവിനു നേര്‍ക്കു വടിവാള്‍ വീശി പഴ്‌സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച കേസിലാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്. രണ്ടുദിവസം മുന്‍പു വെളിയന്നൂരിലായിരുന്നു സംഭവം. റോഡരികില്‍ ഫോണ്‍വിളിച്ചുകൊണ്ടുനിന്ന എളവള്ളി സ്വദേശി രോഹിതിന് നേര്‍ക്കായിരുന്നു അക്രമം.

പ്രകോപനമൊന്നും കൂടാതെ യുവാവിനു നേര്‍ക്കു വടിവാള്‍ വീശി പാഞ്ഞടുത്ത സംഘം, ബൈക്കിന്റെ താക്കോലും പഴ്‌സും പണവും പിടിച്ചുവാങ്ങി. വിവേകിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.  സംഭവത്തിനു ശേഷം പ്രതികള്‍ കടന്നുകളഞ്ഞെങ്കിലും പൊലീസ് ഇവരുടെ ഒളിത്താവളം കണ്ടുപിടിച്ചു വളയുകയായിരുന്നു. 

നാലു കൂട്ടാളികളെയും  ബലപ്രയോഗത്തിലൂടെ കീഴടക്കിയെങ്കിലും വിവേക് തോക്കുചൂണ്ടി. യഥാര്‍ഥ തോക്ക് ആണെന്നു കരുതി പൊലീസ് സംയമനം പാലിച്ച തക്കത്തില്‍ ഓടിരക്ഷപ്പെട്ടു. കൂട്ടാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കളിത്തോക്കാണെന്നു വ്യക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com