പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്: യുവമോര്‍ച്ച നിലയ്ക്കലിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു

യുവമോര്‍ച്ച നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി.
പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്: യുവമോര്‍ച്ച നിലയ്ക്കലിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു

പത്തനംതിട്ട: യുവമോര്‍ച്ച നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് മാര്‍ച്ച് റദ്ദാക്കിയത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. 

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി പൊലീസിന് മാന്യമായ പരിശോധന നടത്താമെന്നും നിര്‍ദേശിച്ചു.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം സുഗമമമായി മുന്നോട്ടുപോകാന്‍ മൂന്നു നിരീക്ഷകരെ കോടതി നിയോഗിച്ചു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

സന്നിധാനത്ത് നാമജപം പാടില്ലെന്ന പൊലീസിന്റെ ഉത്തരവ് കോടതി റദ്ദാക്കി. കൂടാതെ നടപ്പന്തലില്‍ സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് വിരിവെയ്ക്കാനും കോടതി അനുമതി നല്‍കി. ഈ സമയത്ത് ദര്‍ശനത്തിന് വരുന്നവര്‍ക്ക് ബാരിക്കേഡ് തയ്യാറാക്കി പ്രത്യേക ക്യൂ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം സുഗമമമായി മുന്നോട്ടുപോകാന്‍ റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരെയാണ് കോടതി നിരീക്ഷകരായി നിയോഗിച്ചത്.തീര്‍ത്ഥാടനക്കാലം കഴിയുന്നതുവരെയാണ് ഇവരുടെ കാലാവധി.

വിമര്‍ശനങ്ങള്‍ക്കിടെ, പൊലീസില്‍ വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അന്നദാന, പ്രസാദ കൗണ്ടറുകള്‍ നേരത്തെ അടക്കരുത്.
സന്നിധാനത്തെ അന്നദാന മണ്ഡപവും പ്രസാദ കൗണ്ടറുകളും അടയ്ക്കാന്‍ പൊലീസ് എന്തിനു നിര്‍ദേശിച്ചുവെന്ന് കോടതി ചോദിച്ചു. ഗസ്റ്റ് ഹൗസും മുറികളും അടച്ച് താക്കോല്‍ ഏല്‍പ്പിക്കാന്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്നും കോടതി ആരാഞ്ഞു.ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ നിയന്ത്രണവും പാടില്ല. കെ എസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com