യുഡിഎഫ് ചെന്നു ചാടിയ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കൈകാലിട്ടടിക്കുന്നു: ശബരിമലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി ദേവസ്വം മന്ത്രി

ശബരിമല വിഷയത്തില്‍ ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ കൈകാലിട്ടടിക്കുന്ന അവസ്ഥയാണ് യുഡിഎഫിന് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
യുഡിഎഫ് ചെന്നു ചാടിയ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കൈകാലിട്ടടിക്കുന്നു: ശബരിമലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി ദേവസ്വം മന്ത്രി


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ കൈകാലിട്ടടിക്കുന്ന അവസ്ഥയാണ് യുഡിഎഫിന് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി നടക്കുന്ന നാടകം ഇതാണ് മനസ്സിലാക്കി തരുന്നതെന്ന് അദ്ദേഹം  പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പ്രളയാനന്തരം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നേരെയാക്കിയില്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അദ്ദേഹം കണക്കുകള്‍ നിരത്തി മറുപടി നല്‍കി. 

തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയം ഉയര്‍ത്തുന്നതായുള്ള പ്രധാനപ്പെട്ട  പ്രശ്‌നങ്ങളടക്കം അടിയന്തര പ്രമേയത്തിന്റെ വേളയിലും ചോദ്യോത്തര വേളയിലും വളരെ വിശദമായി ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള സന്ദര്‍ഭമാണ് യുഡിഎഫ് സഭ സ്തംഭിപ്പിച്ച് നശിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. 

പ്രളയത്തില്‍ രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് പമ്പയില്‍ വെള്ളം കയറിയത്. പുതിയതായി നര്‍മ്മിച്ച ഹോട്ടല്‍ കെട്ടിടം ചരിഞ്ഞു. ടോയിലറ്റ് ബ്ലോക്കുകള്‍  തകര്‍ന്നുപോയി. 2000പേര്‍ക്ക് വിരിവയ്ക്കാന്‍ പറ്റുന്ന രാമമൂര്‍ത്തി മണ്ഡപം നശിച്ചു. പമ്പയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളും അപ്രത്യക്ഷമായി. 

മാസ്റ്റര്‍ പ്ലാനിനെ അനുസരിക്കാതെ പമ്പയെ നോവിച്ച് കെട്ടിപ്പൊക്കിയ കെട്ടിടങ്ങളെല്ലാം പമ്പ തന്നെ നശിപ്പിച്ചു. പമ്പയില്‍ രണ്ടാള്‍പ്പൊക്കത്തില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ വലിയ മണല്‍ത്തിട്ട രൂപപ്പെട്ടു.പമ്പ ഗതിമാറി ഒഴുകിയപ്പോള്‍ വിശാലമായ മണല്‍പ്പുറം നഷ്ടപ്പെട്ടു. വിശാലമായ പാര്‍ക്കിങ് പ്രദേശം നശിച്ചു. കുടിവെള്ള ശൃംഖല പാടെ തകര്‍ന്നു. ആശുപത്രി സമുച്ചയം നശിച്ചു. കക്കി ഡാമില്‍ നിന്ന് ഒഴുകിത്തെിയ മണല്‍ പമ്പയില്‍ നിന്ന് പത്തൊമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള അട്ടത്തോടുവരെ അടിഞ്ഞു കിടക്കുകയായിരുന്നു. 200ലധികം കോടിയുടെ നാശനഷ്ടമാണ് പമ്പയിലുണ്ടായത്. മണ്ഡലകാലത്തിന് മുന്നോടിയായി നടത്തിക്കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ നശിച്ചു. നാല് കോടിയോളം വിലമതിക്കുന്ന മണ്ണാണ് തീരത്ത് അടിഞ്ഞത്. മണ്ണ് മാറ്റി പമ്പയെ പഴയ രൂപത്തിലാക്കാന്‍ അസാധ്യമാണ് എന്നാണ് മാധ്യമങ്ങള്‍ തന്നെ എഴുതിയത്. യഥാര്‍ത്ഥത്തില്‍ ഭഗീരഥ പ്രയ്തനം നടത്തിയാണ് ഗതിമാറി ഒഴുകിയ പമ്പയെ പഴയ രൂപത്തിലാക്കാന്‍ സാധിച്ചത്-അദ്ദേഹം പറഞ്ഞു. 

പതിനയ്യായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്ന നിലയ്ക്കലില്‍ ഇരുപതിനായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാക്കി. നിലയ്ക്കലില്‍ 3000പേര്‍ക്ക് വിരി വയ്ക്കാനുള്ള സംവിധാനമുണ്ടായിരുന്നു. പക്ഷേ ഭക്തര്‍ അത് ഉപയോഗിക്കുമായിരുന്നില്ല. ഇപ്രാവശ്യം രണ്ടായിരം പേര്‍ക്ക് വീതം വിരിവയ്ക്കാന്‍ തക്കതിന് മൂന്ന് പന്തലുകളാണ് നിര്‍മ്മിച്ചത്. 

നിലയ്ക്കലില്‍ 228ടാപ്പുകള്‍ സ്ഥാപിച്ചു. 3500പേര്‍ക്ക് ഒരേസമയം അന്നദാനം ഒരുക്കി. 470 സ്ഥിരം ടോയിലറ്റുകളും 450 ബയോ ടോയിലറ്റുകളും 50 കുളിമുറികളും സ്ഥാപിച്ചു. പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍കക്കും താമസ സൗകര്യമൊരുക്കി, കെഎസ്ആര്‍ടിസിക്ക് താത്കാലിക ബസ് സ്‌റ്റേഷന്‍ സ്ഥാപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ബെയ്‌സ് ക്യാമ്പ് നിര്‍മ്മിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഇത് സാധിച്ചു. 

പമ്പയെ 60ദിവസത്തിനുള്ളില്‍ വീണ്ടെടുത്തു. തുടര്‍ച്ചയായി 9 ഉന്നത തല യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. പമ്പയില്‍ വിരിവയ്ക്കാന്‍ പോലും സൗകര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യാഥാര്‍ത്ഥ്യം പ്രതിപക്ഷം മനസ്സിലാക്കിയില്ല. വിരിവയ്ക്കാന്‍ രാമമൂര്‍ത്തി മണ്ഡപം മാത്രമണ് ഉണ്ടായിരുന്നത്. അവിടെ ഇത്തവണ പ്രത്യേക കെട്ടിടങ്ങല്‍ നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനാലാണ് നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ വലിയ സൗകര്യങ്ങള്‍ ഒരുക്കിയത്. 

പമ്പയില്‍ 390 ടോയിലറ്റുകള്‍ ഉണ്ടായിരുന്നതില്‍ 120 എണ്ണം പാടെ നശിച്ചു. അത് വൃത്തിയാക്കിയെടുക്കാന്‍ അല്‍പം സമയം വേണ്ടിവന്നുവെന്നത് യാതാര്‍ത്ഥ്യമാണ്. ഇന്നിപ്പോള്‍ 329ണിറ്റുകള്‍ പമ്പയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യദിവസത്തെ പ്രശ്‌നമാണ് ചില മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com