ശബരിമല: ബിജെപി പുതിയ സമരത്തിന്; തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം

എഎന്‍ രാധാകൃഷ്ണനാണ് തുടക്കത്തില്‍ നിരാഹാരമിരിക്കുകയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള
ശബരിമല: ബിജെപി പുതിയ സമരത്തിന്; തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നിരാഹാര സമരത്തിന്. ഇവ ഉള്‍പ്പെടെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താന്‍ ഇന്നു ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് തുടക്കത്തില്‍ നിരാഹാരമിരിക്കുകയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. 

തിങ്കളാഴ്ച മുതല്‍ പതിനഞ്ചു ദിവസത്തേക്കുള്ള സമര പരിപാടികള്‍ക്കാണ് ഇന്നു ചേര്‍ന്ന യോഗം രൂപം നല്‍കിയത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഒരു കോടി ഒപ്പു ശേഖരിക്കുന്നതിനുള്ള കാംപയ്ന്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അഞ്ചാംതീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും. അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ സ്വീകരിക്കാനും ഈ സദസുകളില്‍ സംവിധാനമുണ്ടാവും. എംടി രമേശിനാണ് കോ ഓര്‍ഡിനേഷന്‍ ചുമതല. 

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ നാലംഗ സമിതി 2,3 തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ശബരിമല കര്‍മ സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കും. മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കേണ്ടി വന്ന ആളുകള്‍ക്കു സമിതിക്കു മുന്നില്‍ പരാതി പറയാന്‍ അവസരമുണ്ടാവുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമലയില്‍ ബിജെപി നേരത്തെയും സമരം നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അവിടെ ഭക്തരാണ് പ്രതിഷേധം നടത്തിയത്. ബിജെപി അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇതു പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. 

പിസി ജോര്‍ജുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎയില്‍ അംഗമാവുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com