ശബരിമല വിഷയത്തില്‍ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 21 മിനുട്ട് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്
ശബരിമല വിഷയത്തില്‍ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ശബരിമലയിലെ സൗകര്യക്കുറവ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബഹളം. ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. തുടര്‍ന്ന് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 21 മിനുട്ട് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്. 

പ്രതിപക്ഷ ബഹളത്തിനിടെ ശബരിമല വിഷയം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്തതാണെന്നും, അതിനാല്‍ വീണ്ടും ഇക്കാര്യം മാത്രം ചര്‍ച്ച ചെയ്യാനാവില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ശബരിമല വിഷയം പ്രസക്തമാണ്. എന്നാല്‍ അതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കാനാവില്ല. ഇക്കാര്യം ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ടെന്നും, പ്രതിഷേധം തുടര്‍ന്നാല്‍ കര്‍ശന നടപടികളിലേക്ക് പോകേണ്ടി വരുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നടത്തി. 

സഭ സ്തംഭനത്തില്‍ ഗവര്‍ണര്‍ തന്നെ ഇന്നലെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് അംഗങ്ങള്‍ മാനിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ മറുപടിയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് സംസാരിക്കാവുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ബഹളം വെക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

എന്നാല്‍ ഞങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞ് പ്രതിപക്ഷം ഇടതുപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. നിങ്ങളുടെ ഉദ്ദേശം നടക്കില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. ബഹളം രൂക്ഷമായതോടെ, മറുപടി മേശപ്പുറത്ത് വെക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടികളും പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com