സമരവേദി മാറ്റുന്നത് നല്ലത്; കേസ് പിന്‍വലിക്കാന്‍ സമരം ചെയ്തിട്ട് കാര്യമില്ല; കേരളം ഇതൊന്നും അംഗീകരിക്കില്ലെന്ന് ബിജെപിക്ക് മനസ്സിലായി: മുഖ്യമന്ത്രി

ശബരിമലയില്‍ ബിജെപി സമരം അവസാനിപ്പിച്ചു എന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സമരവേദി മാറ്റുന്നത് നല്ലത്; കേസ് പിന്‍വലിക്കാന്‍ സമരം ചെയ്തിട്ട് കാര്യമില്ല; കേരളം ഇതൊന്നും അംഗീകരിക്കില്ലെന്ന് ബിജെപിക്ക് മനസ്സിലായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപി സമരം അവസാനിപ്പിച്ചു എന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. നേരത്തെ ബിജെപി അവിടെ എത്തിച്ചേരേണ്ടയാള്‍, നേതൃത്വം വഹിക്കേണ്ടയാള്‍ തുടങ്ങിയൊക്കെ നിശ്ചയിച്ചതാണ്. ഒരു മാറ്റം ഉണ്ടായെങ്കില്‍ അത് നല്ലതുതന്നെയാണ്. കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് കാണേണ്ടത്. വലിയ അത്ഭുതങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചുകളയാം എന്നാണ് കരുതിയിരുന്നത്. ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ ദൃഢതയെ ആര്‍ക്കും അത്രപെട്ടെന്ന് തകര്‍ക്കാന്‍ കഴളിയില്ലെന്ന്-അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് സമരം വരുന്നത് സാധാരണയാണ്, അതിലൊരു പുതുമയുമില്ല. ഉപവാസം നടത്തുന്നതും സാധാരണ നിലയില്‍ തെറ്റൊന്നുമില്ല. പക്ഷേ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പാടുള്ളതാണോയെന്ന് അവര്‍ തന്നെ ആലോചിക്കണം. നിയമവാഴ്ചയ്ക്ക് വിപരീതമായി പെരുമാറിയാല്‍ കേസുണ്ടാകും. അത് പിന്‍വലിക്കണം ന്നെ് പറഞ്ഞ് സമരം നടത്തിയാല്‍ അതിന്റെ അന്ത്യം എന്തുതന്നെയാകുമെന്ന് അവര്‍ ആദ്യം തന്നെ മനസ്സിലാക്കണം. സര്‍ക്കാരിന്റെ പിടിവാശിയല്ല നമ്മുടെ നാട്ടിലെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'എന്റെ ഓഫീസിന് പിടിപ്പത് പണിയുണ്ട്,അവിടെ ഇയാളുടെ കേസ് നോക്കലല്ല പണി'യെന്ന് കെ.സുരേന്ദ്രനെ കേസില്‍ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ബിജെപി പ്രചാരണത്തിന് മറുപടിയായി പിണറായി പറഞ്ഞു. 


പിറവം പള്ളി തര്‍ക്ക കേസില്‍ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ട്. ശബരിമലയിലെയും പിറവം പള്ളിയിലെയും കേസുകള്‍ തികച്ചും വ്യത്യസ്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ ഉത്തരം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിന്റെ മുന്നില്‍ അവര്‍ അംഗീകരിക്കാത്ത കാര്യങ്ങള്‍ ആരുന്നയിച്ചാലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അതാണ് ബിജെപിക്ക് സംഭവിച്ചത്. അതിന്റെ തുടരനുഭവം യുഡിഎഫിനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com