ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി വനം വകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി വനം വകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. കേസില്‍ നടന് മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം.സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും പറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സാമ്പത്തികമേഖലയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഏകപക്ഷീയമായി കരാര്‍ കൊടുത്തതിനെതിരെ പരാമര്‍ശമുളളത്.സര്‍ക്കാര്‍ ഏജന്‍സി കരാര്‍ നല്‍കുന്നതിന് സ്വീകരിക്കേണ്ട അടിസ്ഥാന മാനദണ്ഡം ടെന്‍ഡര്‍ അല്ലെങ്കില്‍ പൊതുലേലം ആണെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഫിനാന്‍ഷ്യല്‍ കോഡും ഇക്കാര്യം പറയുന്നുണ്ട്.ഇതെല്ലാം ലംഘിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഏകപക്ഷീയമായി അഞ്ച് പ്രവര്‍ത്തികളിലായി 809.93 കോടിയുടെ കരാര്‍ നല്‍കിയതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

2016 ഫെബ്രുവരി 20നാണ് കരാര്‍ നല്‍കിയത്. സൊസൈറ്റിയെ ചുമതലയേല്‍പ്പിക്കാന്‍ കഴിയുന്ന ഒറ്റ പ്രവര്‍ത്തിയുടെ മൂല്യം 25 കോടിയും ഒരു കാലയളവില്‍ കൈവശം  വെയ്ക്കാവുന്ന പരമാവധി പ്രവര്‍ത്തികളുടെ മൂല്യം 250 കോടിയുമാണ്.സര്‍ക്കാരിന്റെ ഈ മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ്  809.93 കോടിയുടെ പ്രവര്‍ത്തികള്‍ നല്‍കിയതെന്നും സി.എ.ജി  ചൂണ്ടിക്കാട്ടുന്നു.ഇത് മന്ത്രിസഭാ തീരുമാനം ആണെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും പബഌക് അക്കൗണ്ട്‌സ് കമ്മിറ്റി നിരാകരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.സെക്യൂരിറ്റി ഡെപ്പോസിറ്റ് സൂക്ഷിക്കുന്നതിലും ഇളവ് നല്‍കി സൊസൈറ്റിക്ക് അനര്‍ഹമായ ആനൂകൂല്യം നേടിക്കൊടുത്തതായും സി.എ.ജി വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com