കെ സുരേന്ദ്രന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
കെ സുരേന്ദ്രന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. കേസിലെ ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ ഒന്നാംപ്രതിയുമായി സുരേന്ദ്രന്റെ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

സുരേന്ദ്രനെതിരെ ബോധപൂര്‍വം നിരന്തരം കേസുകള്‍ എടുക്കുകയാണെന്നാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ കെ രാംകുമാര്‍ വാദിച്ചത്. നിരോധനാജ്ഞ ലംഘിച്ച ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രനെ അന്യായമായി ജയില്‍ പാര്‍പ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതു വസ്തുതാപരമായി തെറ്റാണെന്ന് പൊലീസ് മറുപടി നല്‍കി. 

നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോവാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതിനു മുമ്പുതന്നെ ഭക്തയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പുറത്തിറങ്ങാനാവാത്ത വിധം തനിക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണെന്ന ആരോപണവുമായി സുരേന്ദ്രനും ബിജെപി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

അതിനിടെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കെ സുരേന്ദ്രന് ഇന്നു ജാമ്യം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com