ടെസ്റ്റ് പാസായി, സന്തോഷം വിളിച്ചറിയിച്ചത് വണ്ടിയോടിച്ച്; കിട്ടിയ ലൈസന്‍സിന് പണികിട്ടി

മൊബൈലില്‍ സംസാരിച്ച് കാര്‍ ഓടിച്ചു, ലൈസന്‍സിനൊപ്പം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും ലഭിച്ചു 
ടെസ്റ്റ് പാസായി, സന്തോഷം വിളിച്ചറിയിച്ചത് വണ്ടിയോടിച്ച്; കിട്ടിയ ലൈസന്‍സിന് പണികിട്ടി

കാക്കനാട്: ഡ്രൈവിം​ഗ് ടെസ്റ്റ് ജയിച്ച സന്തോഷം മൊബൈലില്‍ വിളിച്ചുപറഞ്ഞ് കാര്‍ ഓടിച്ച് പോയയാള്‍ക്ക് ലൈസന്‍സിനൊപ്പം തന്നെ കിട്ടി സസ്‌പെന്‍ഷനും. ഇടച്ചിറ ഇന്‍ഫോപാര്‍ക്കിന് സമീപം താമസിക്കുന്ന ആര്‍. അനില്‍കുമാറാണ് ലൈസന്‍സ് കിട്ടിയതിനൊപ്പം സസ്‌പെന്‍ഷനും ലഭിച്ച ഹതഭാഗ്യന്‍. ടെസ്റ്റ് ജയിച്ച കാര്യം മൊബൈലില്‍ വിളിച്ചുപറഞ്ഞുകൊണ്ട് കാറോടിച്ചത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണില്‍പ്പെട്ടതാണ് വിനയായത്. വ്യാഴാഴ്ച രാവിലെ തൃക്കാക്കര മുനിസിപ്പല്‍ ഡ്രൈവിം​ഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ടെസ്റ്റ്.

വിദേശത്തായിരുന്ന അനില്‍കുമാറിന് അവിടത്തെ ലൈസന്‍സ് ഉണ്ടായിരുന്നു. അത് ഇന്ത്യന്‍ ലൈസന്‍സാക്കി മാറ്റാനാണ് ഇദ്ദേഹം ടെസ്റ്റിനെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഇന്ത്യന്‍ ഡ്രൈവിം​ഗ്  ലൈസന്‍സിന് അനുമതിയും കിട്ടി. വൈകീട്ട് ആര്‍.ടി. ഓഫീസിലെത്തി പുതിയ ലൈസന്‍സ് കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇദ്ദേഹത്തെ വിട്ടു. 

തുടര്‍ന്നാണ് ലൈസന്‍സില്‍ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥന്റെ മുന്നിലൂടെത്തന്നെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് അനില്‍കുമാര്‍ കാര്‍ ഓടിച്ചുപോയത്. ഇത് ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചു. വൈകീട്ട് ലൈസന്‍സ് കൈപ്പറ്റാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസിനടുത്ത് ഹാജരായ അനില്‍കുമാര്‍ എഴുതി ഒപ്പിട്ടു കൊടുത്ത് ലൈസന്‍സ് വാങ്ങി. ഉടന്‍ തന്നെ ലൈസന്‍സ് തിരികെ വാങ്ങിയ അധികൃതര്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന നോട്ടീസും നല്‍കി. 

സസ്‌പെന്‍ഷന്‍ നടപടികൾ പൂര്‍ത്തിയാക്കാന്‍ അനില്‍കുമാറിനോട് ബുധനാഴ്ച ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് മുന്നില്‍ ഹാജരായി കാരണം ബോധിപ്പിക്കാന്‍ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണ് അനില്‍കുമാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com