യഥാര്‍ത്ഥ പരാതിയല്ല പരിഗണിച്ചത് ; പി കെ ശശിക്കെതിരെ യുവതി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചു

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേല്‍ അല്ല ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയെന്നാണ് യുവതി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നത്
യഥാര്‍ത്ഥ പരാതിയല്ല പരിഗണിച്ചത് ; പി കെ ശശിക്കെതിരെ യുവതി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചു

പാലക്കാട് : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ തന്റെ യഥാര്‍ത്ഥ പരാതിയല്ല പരിഗണിച്ചതെന്ന് പരാതിക്കാരിയായ ഡീവൈഎഫ്‌ഐ വനിതാ നേതാവ്. യഥാര്‍ത്ഥ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടില്ലെന്ന ആശങ്കയും പ്രകടിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അവര്‍ വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. 

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേല്‍ അല്ല ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയെന്നാണ് യുവതി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നത്. മര്യാദ വിട്ടുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി മാത്രമാണ് അച്ചടക്ക നടപടി. ലൈംഗിക പരാതി പാര്‍ട്ടി ഗൗരവമായി കണ്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

യുവതി പുതിയ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചതോടെ, ശശിക്ക് സംഘടനാ തലത്തില്‍ കുരുക്ക് മുറുകുകയാണ്. ഫോണിലൂടെ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന കുറ്റം കണ്ടെത്തിയ സിപിഎം ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

പരാതി അന്വേഷിച്ച രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും, സംസ്ഥാനത്തെ അച്ചടക്ക നടപടിയും അടുത്തമാസം ചേരുന്ന പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി പരിഗണിക്കും. പരാതിയില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള നടപടികള്‍ അല്ല ഉണ്ടായതെന്ന് കേന്ദ്രനേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com