യുവതീ പ്രവേശനമല്ല പ്രശ്‌നം, ബിജെപിയുടേത് രാഷ്ട്രീയ സമരം, സര്‍ക്കാര്‍ തയാറെങ്കില്‍ ഒത്തുതീര്‍പ്പ് ആവാമെന്ന് ഒ രാജഗോപാല്‍

ശബരിമലയിലെ യുവതീ പ്രവേശനം പ്രക്ഷോഭ വിഷയമല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍
യുവതീ പ്രവേശനമല്ല പ്രശ്‌നം, ബിജെപിയുടേത് രാഷ്ട്രീയ സമരം, സര്‍ക്കാര്‍ തയാറെങ്കില്‍ ഒത്തുതീര്‍പ്പ് ആവാമെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം; ശബരിമലയിലെ യുവതീ പ്രവേശനം പ്രക്ഷോഭ വിഷയമല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പൊലീസ് നടപടികളും അടിസ്ഥാന സൗകര്യവുമാണ് ബിജെപി നടത്തുന്ന സമരത്തിന്റെ വിഷയങ്ങളെന്ന് രാജഗോപാല്‍ പറഞ്ഞു. മാതൃഭൂമി ചാനലിനോടാണ് രാജഗോപാലിന്റെ പ്രതികരണം.

യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കാനിരിക്കുകയാണ്. അപ്പോള്‍ പിന്നെ അതു പ്രക്ഷോഭ വിഷയമാക്കിയിട്ട് എന്തു കാര്യമെന്ന് രാജഗോപാല്‍ ചോദിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തതയും പൊലീസ് നടപടികളുമാണ് സമര വിഷയങ്ങള്‍. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണ്. ശബരിമലയില്‍ സമരം ചെയ്യേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതു ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

ശബരിമലയില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ സമരമാണ്. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കാനാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. അതിനെ ഒത്തുതീര്‍പ്പ് എന്നു പറയാനാവില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തയാറെങ്കില്‍ ഒത്തുതീര്‍പ്പിനു തയാറെന്നും രാജഗോപാല്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സഭ അലങ്കോലമാക്കുന്നതിനോട് തനിക്കു യോജിപ്പില്ലെന്ന് രാജഗോപാല്‍ വ്യക്തമാക്കി. സഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സമയമുണ്ട്. സഭ തടസപ്പെടുത്തുന്ന യുഡിഎഫ് നടപടിക്കൊപ്പം താനില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.

ശബരിമല സമരത്തെച്ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജഗോപാലിന്റെ അഭിപ്രായപ്രകടനം. സമരരീതി മാറ്റുന്നതിനെ പരോക്ഷമായി കുറ്റപ്പെടുത്തി വി മുരളീധരന്‍ എംപി രംഗത്തുവന്നിരുന്നു.

യുവതീ പ്രവേശനത്തിന് എതിരെയല്ല, കമ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരെയാണ് ബിജെപി സമരം നടത്തുന്നതെന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com