വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍; പുറത്തിറക്കുന്നത് അടുത്ത നാല് വര്‍ഷത്തെ നിരക്ക് ഒന്നിച്ച് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്

നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം സംബന്ധിച്ച റെഗുലേറ്ററി കമ്മിഷന്റെ ഹിയറിങ് 10ന് അവസാനിക്കും
വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍; പുറത്തിറക്കുന്നത് അടുത്ത നാല് വര്‍ഷത്തെ നിരക്ക് ഒന്നിച്ച് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്

തിരുവനന്തപുരം: ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍ നിലവില്‍ വന്നേക്കും. നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം സംബന്ധിച്ച റെഗുലേറ്ററി കമ്മിഷന്റെ ഹിയറിങ് 10ന് അവസാനിക്കും. നിരക്ക് വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഡിസംബര്‍ 31നു മുമ്പ് ഇറക്കാനാണ് കമ്മിഷന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കേണ്ടതിനാല്‍ തീരുമാനം ജനുവരിയിലേക്ക് നീളാനാണു സാധ്യത. അടുത്ത നാല് വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ച് നിശ്ചയിച്ചുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോര്‍ഡ് ആവശ്യപ്പെട്ട നിരക്കുകള്‍ അതേപടി അംഗീകരിക്കില്ല.

നിരക്ക് വര്‍ധന ആവശ്യപ്പെട്ടു ബോര്‍ഡ് നല്‍കിയ താരിഫ് പെറ്റീഷന്‍ സംബന്ധിച്ച് കമ്മിഷന്‍ കോഴിക്കോട്, കൊച്ചി, കട്ടപ്പന എന്നിവിടങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയാക്കി. 10ന് തിരുവനന്തപുരത്ത് നടത്തുന്ന ഹിയറിങ്ങോടെ ഇത് സമാപിക്കും. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്നും കമ്മിഷനെ രേഖാമൂലം അഭിപ്രായം അറിയിക്കാം. കമ്മിഷന്റെ വെബ്‌സൈറ്റില്‍ ബോര്‍ഡിന്റെ താരിഫ് പെറ്റീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പഠിച്ച് നിര്‍ദേശങ്ങള്‍ അറിയിക്കാം.

നടപ്പു സാമ്പത്തിക വര്‍ഷം 1100 കോടി രൂപയും 2020-21 വര്‍ഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 2019-20, 2021-22 വര്‍ഷങ്ങളില്‍ നിരക്ക് വര്‍ധന ചോദിച്ചിട്ടില്ല. ബോര്‍ഡിന് 2016-17 വര്‍ഷം വരെ 5,600 കോടി രൂപയുടെ റവന്യു കമ്മി ഉള്ളതായി  കമ്മിഷന്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഇതില്‍ ഒരു ഭാഗം കൂടി ഉപയോക്താക്കളില്‍ നിന്നു പിരിച്ചെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വര്‍ധനയാണ് ബോര്‍ഡിന്റെ ആവശ്യം. മാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ നിരക്ക് ഈ സാമ്പത്തിക വര്‍ഷം 2.90 രൂപയില്‍ നിന്ന് 3.50 രൂപയായും 100 യൂണിറ്റു വരെയുള്ളവരുടെ നിരക്ക് 3.40ല്‍ നിന്ന് 4.20രൂപയായും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 40 യൂണിറ്റില്‍ താഴെയുള്ളവരുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമില്ല. ഈ വര്‍ഷം സിംഗിള്‍ ഫേസിന് ആദ്യ 50 യൂണിറ്റിന് ഫിക്‌സഡ് നിരക്ക് 30 രൂപയില്‍നിന്നു 35 രൂപയും അതിനു മുകളിലുള്ളവര്‍ക്കു 30ല്‍ നിന്നു 40 രൂപയും ആയി ഉയര്‍ത്തണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com