ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; മകരവിളക്ക് വരെ നീട്ടണമെന്ന് പൊലീസ് ; പുതിയ സുരക്ഷാ ഉദ്യോഗസ്ഥരും ചുമതലയേല്‍ക്കും

ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും 
ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; മകരവിളക്ക് വരെ നീട്ടണമെന്ന് പൊലീസ് ; പുതിയ സുരക്ഷാ ഉദ്യോഗസ്ഥരും ചുമതലയേല്‍ക്കും


പത്തനംതിട്ട : ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച ശേഷം പ്രതിഷേധമോ അറസ്‌റ്റോ ഉണ്ടായിട്ടില്ലെന്നതിനാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം വാവര് നടയ്ക്ക് മുന്നിലും മഹാകാണിക്ക അര്‍പ്പിക്കുന്ന ഇടത്തുമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഉടന്‍ നീക്കിയേക്കും. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കടുത്ത അതൃപ്തി പൊലീസിനെ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിനിടെ ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും പുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് ചുമതലയേറ്റെടുക്കും. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷ മേല്‍നോട്ട ചുമതല ഐജി ദിനേന്ദ്രകശ്യപിനാണ് നല്‍കിയിട്ടുള്ളത്. ഐജി വിജയ് സാഖറെയ്ക്ക് പകരമാണിത്. സന്നിധാനത്തെ സുരക്ഷാ ചുമതല എസ്പി കറുപ്പുസ്വാമി ഏറ്റെടുക്കും. പ്രതീഷ് കുമാറിന് പകരമാണിത്. 

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷ ചുമതല ഐജി അശോക് യാദവിനായിരിക്കും. ഐജി മനോജ് എബ്രഹാമിന് പകരമാണ് അശോക് യാദവ് ചുമതലയേല്‍ക്കുന്നത്. നിലയ്ക്കലില്‍ എസ് യതീഷ് ചന്ദ്രക്ക് പകരം എസ് മഞ്ജുനാഥും, പമ്പയില്‍ എസ് ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്‌കുമാറും ചുമതലയേല്‍ക്കും. സന്നിധാനത്തെയും നിലയ്ക്കലെയും പൊലീസ് നടപടികളില്‍ ഹൈക്കോടതി ഐജി വിജയ് സാഖറെയെയും യതീഷ് ചന്ദ്രയെയും വിമര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com