ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്ത് പരിഗണിക്കാറില്ലേയെന്ന് ഇ പി ജയരാജന്‍; ബ്രൂവറിക്ക് ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ച് എക്‌സൈസ് കമ്മീഷണര്‍ 

ബ്രൂവറി അപേക്ഷ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍
ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്ത് പരിഗണിക്കാറില്ലേയെന്ന് ഇ പി ജയരാജന്‍; ബ്രൂവറിക്ക് ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ച് എക്‌സൈസ് കമ്മീഷണര്‍ 

തിരുവനന്തപുരം: ബ്രൂവറി അപേക്ഷ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. നിലവില്‍ ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടയ്ക്ക് അനുമതി ചോദിച്ച് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്ത് പരിഗണിക്കാറില്ലേ എന്നും ഇ പി ചോദിച്ചു. കിന്‍ഫ്രയില്‍ ബ്രൂവറിക്ക് പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോഴാണ് ഇ പിയുടെ പ്രതികരണം. 

നായനാരുടെ കാലത്ത് മാത്രമല്ല എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തും ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കെ വി തോമസ് എക്‌സൈസ് മന്ത്രിയായിരുന്ന സമയത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയതായും ഇ പി ആരോപിച്ചു.

അതേസമയം ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ചുളള എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. 1999ലെ ഉത്തരവ് പരിഷ്‌കരിച്ച് ലൈസന്‍സ് നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 1999ലെ ഉത്തരവ് അനുസരിച്ച് പുതിയ ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഉത്തരവ് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നതാണ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. 

ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. ഇത് സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കും. 2017 നവംബര്‍ 13ന് ആണ് ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുമതി നല്‍കാമെന്ന് വ്യക്തമാക്കി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത്. ഇതിനിടെ കയറ്റുമതി ലക്ഷ്യമിട്ടാണ് ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായി എക്‌സൈസ് കമ്മീഷണര്‍ നിലപാട് സ്വീകരിച്ചതെന്നും
 റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ്-ആഫ്രിക്കന്‍ വിപണിയാണ് ശ്രീചക്രാ ലക്ഷ്യമിട്ടിരുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com