തിന്മയുടെ മേല്‍ നന്മയുടെ വിജയം കണക്കാക്കി നമ്പി നാരായണന് പത്മാ പുരസ്‌കാരം നല്‍കണം; മോദിക്ക് കത്തുമായി ബിജെപി എംപി
By സമകാലികമലയാളം ഡെസ്‌ക് | Published: 01st October 2018 08:36 AM |
Last Updated: 01st October 2018 08:36 AM | A+A A- |

തിരുവനന്തപുരം: ഐഎസ്ആര്‍ഒ കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മാ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യവുമായി ബിജെപി എംപി. ഇത് ചൂണ്ടിക്കാട്ടി ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
നമ്പിനാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം അന്‍പത് ലക്ഷം രൂപ നല്‍കിയാല്‍ മാത്രം മതിയാകില്ല. അദ്ദേഹം നല്‍കിയ സേവനം മുന്‍നിര്‍ത്തി രാജ്യം പത്മാപുരസ്‌കാരം നല്‍കണമെന്ന് എംപി കത്തില്‍ പറയുന്നു.തിന്മയുടെ മേല്‍ നന്മയുടെ വിജയം കണക്കാക്കികൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരത്തുക പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനാകുമോ എന്ന് നിയമവകുപ്പിനോട് ഉപദേശം തേടിയതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
2012ലെ ഹൈക്കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നമ്പി നാരായണനു നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കിട്ടുന്ന തുകയെക്കാള്‍ വലുതാണു കിട്ടിയ നീതിയെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.