പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള നാഗരൂപങ്ങള്‍;  ഖനനം ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍ 

പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ആണ്‍പെണ്‍ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി
പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള നാഗരൂപങ്ങള്‍;  ഖനനം ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍ 

പത്തനംതിട്ട : പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ആണ്‍പെണ്‍ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി.ആറന്മുള ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തിലാണ് ഇവ കണ്ടെത്തിയത്. ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗം ഖനനം ചെയ്ത് വിശദ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തിട്ടയിടിഞ്ഞ ഭാഗത്താണ് ശില്‍പ്പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്ണുനീക്കി ശേഖരിക്കാവുന്നവ എടുത്തു സുരക്ഷിതമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍, പുരയിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ സമീപത്താണ് ഇവ കണ്ടെടുത്തത്. എസ്‌ഐ ജിബു ജോണിന്റെ നേതൃത്വത്തില്‍ ശില്‍പങ്ങള്‍ക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വൈകിട്ടോടെ ശില്‍പ്പങ്ങള്‍ വാസ്തുവിദ്യാ ഗുരുകുലത്തിലേക്കു മാറ്റി. 10-ാം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാകാം ഇവയെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ശില്‍പ്പങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ മണ്ണിനടിയിലുണ്ടാകുമെന്ന അടിസ്ഥാനത്തിലാണു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൂടുതല്‍ പരിശോധനയ്ക്കു സര്‍ക്കാര്‍ തയാറാകുന്നതെന്നു സ്ഥലം സന്ദര്‍ശിച്ച വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ആര്‍ക്കിയോളജി ഡയറക്ടര്‍ റെജികുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പഠനസംഘം തിങ്കളാഴ്ച രാവിലെ പ്രദേശത്തു പരിശോധന നടത്തും. സാംസ്‌കാരിക വിഭാഗവും ഇതില്‍ പങ്കാളികളാകും. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശില്‍പ്പരൂപങ്ങള്‍ ആറന്മുളയില്‍ തന്നെ മ്യൂസിയം തയാറാക്കി സൂക്ഷിക്കാനും ആലോചനയുണ്ട്.

കണ്ടെടുത്തവയില്‍ മതപരമായ സൂചനകള്‍ കാണുന്നില്ല. കേരളത്തില്‍നിന്നു പ്രാചീന മണ്‍പ്രതിമകള്‍ അപൂര്‍മായേ ലഭിച്ചിട്ടുള്ളൂ എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രതിമകള്‍ക്ക് ഉപയോഗിച്ച ചുവന്ന മണ്ണ് എവിടെനിന്നു കൊണ്ടുവന്നതാണെന്നു എക്‌സ്‌റേ പരിശോധനയില്‍ പറയാന്‍ കഴിയും. നിര്‍മാണ പശ്ചാത്തലം പ്രതിമാവിദഗ്ധരിലൂടെ ലഭിക്കും. മറ്റു തെളിവുകള്‍ കൂട്ടിയിണക്കി സത്യം പുറത്തുകൊണ്ടുവരാം. ഇതു പമ്പാതീരത്തും പുതിയ ചരിത്ര ഗവേഷണ സാധ്യതകള്‍ തുറക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com