രണ്ട് പതിറ്റാണ്ട് മുമ്പും കോടതി അനുമതി, 41 ആം വയസ്സില്‍ ഐഎഎസ് ഉദ്യോഗസ്ഥ സന്നിധാനത്തെത്തി, ആദ്യ മലയാത്രയുടെ ഓര്‍മ്മയില്‍ കെ ബി വല്‍സലകുമാരി

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു അന്ന് വല്‍സല കുമാരി മല ചവിട്ടിയത്
രണ്ട് പതിറ്റാണ്ട് മുമ്പും കോടതി അനുമതി, 41 ആം വയസ്സില്‍ ഐഎഎസ് ഉദ്യോഗസ്ഥ സന്നിധാനത്തെത്തി, ആദ്യ മലയാത്രയുടെ ഓര്‍മ്മയില്‍ കെ ബി വല്‍സലകുമാരി

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുന്‍ കളക്ടര്‍ കെബി വല്‍സല കുമാരി. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ വിലക്കുള്ള കാലഘട്ടത്തില്‍, 41 ആം വയസ്സില്‍ ക്ഷേത്രത്തില്‍ പോകാന്‍ സാധിച്ചതിന്റെ മധുര സ്മരണയിലാണ് അവര്‍. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു അന്ന് വല്‍സല കുമാരി മല ചവിട്ടിയത്. 

1994-95 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറായിരിക്കെ, മണ്ഡല മകര വിളക്ക് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു വല്‍സല കുമാരി ശബരിമലയിലെത്തിയത്. ഈ കാലയളവില്‍ നാലു തവണയാണ് അവര്‍ മല ചവിട്ടിയത്. മണ്ഡല സീസണിനോട് അനുബന്ധിച്ച് ശബരിമലയിലെ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച കളക്ടര്‍ കെ ബി വല്‍സലകുമാരി, 41 വയസ്സുള്ള തനിക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായി വിലക്കുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ശബരിമലയില്‍ പോകാന്‍ കളക്ടര്‍ക്ക് പ്രത്യേക അനുമതി നല്‍കിയത്. അതേസമയം ആചാരം അനുവദിക്കാത്തതിനാല്‍, പതിനെട്ടാംപടി ചവിട്ടരുതെന്ന് കോടതി ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരുന്നതായും വല്‍സല കുമാരി ഓര്‍മ്മിച്ചു. 

നിയമത്തിന്റെ അനുവാദത്തോടെ ആദ്യം ശബരിമല കയറിയ സ്ത്രീ താനാണെന്ന്, അയ്യപ്പസ്വാമിയുടെ കടുത്ത ഭക്തയായ വല്‍സലകുമാരി പറയുന്നു. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് നിരവധി കഥകളാണ് കേട്ടിട്ടുള്ളത്. അതിനിടെ അപ്രതീക്ഷിതമായാണ് ശബരിമലയില്‍ പോകാന്‍ കോടതിയുടെ അനുവാദം ലഭിച്ചത്. തന്റെ ശബരിമല യാത്ര ഏറെ ആവേശകരമായിരുന്നു എന്നും വല്‍സല കുമാരി ഓര്‍മ്മിച്ചു. അയ്യപ്പ വിഗ്രഹം ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇതിനാല്‍ പതിനെട്ടാം പടിയുടെ ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. 

അന്ന് ശബരിമലയിലെത്തിയപ്പോള്‍ ക്ഷേത്ര പരിസരത്ത് പൂമാലകള്‍, പൂജാ സാധനങ്ങള്‍, പൂജാപുഷ്പങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു. ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും മറ്റുമായി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപികരിച്ചത് അന്നത്തെ പ്രധാന നേട്ടമാണ്. മരങ്ങള്‍ മുറിക്കരുതെന്ന് നിര്‍ദേശം നല്‍കി. പരിസ്ഥിതിക്ക് ഇണങ്ങുന്ന ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും, ഭക്തര്‍ക്കായി ശുദ്ധജല പദ്ധതിക്കും താന്‍ തുടക്കം കുറിച്ചെന്നും വല്‍സല കുമാരി ഓര്‍മ്മിച്ചു. 

എന്നാല്‍ 50 വയസ്സ് പിന്നിട്ട്, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മാത്രമാണ് താന്‍ പതിനെട്ടാംപടി കയറിയതും, അയ്യപ്പനെ നേരിട്ട് കണ്ട് തൊഴുതതെന്നും വല്‍സല കുമാരി പറഞ്ഞു. സ്തീകള്‍ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ പോകാമെന്ന സുപ്രീംകോടതി വിധി ചരിത്രപരമാണ്. സ്ത്രീഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിന് പ്രത്യേകം പദ്ധതി തയ്യാറാക്കണം. പ്രത്യേക ക്യൂ, പ്രത്യേക ദിവസങ്ങള്‍ അവര്‍ക്കായി അനുവദിക്കല്‍ തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ, ശബരിമല കൂടുതല്‍ സ്ത്രീ സൗഹൃദം ആകുമെന്നും, ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയെ കൂടി ഉപയോഗപ്പെടുത്താനാകുമെന്നും, കുടുംബശ്രീ മുന്‍ മേധാവി കൂടിയായിരുന്ന കെ ബി വല്‍സല കുമാരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com