ശബരിമല ബസുകളില്‍ 25% സീറ്റ് സംവരണം, സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഇല്ല; സന്നിധാനത്തെ താമസം ഒഴിവാക്കണമെന്ന് മന്ത്രി

പമ്പ- സന്നിധാനം പാതയില്‍ പ്രത്യേക നിറത്തില്‍ സ്ത്രീ സൗഹൃദ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കും
ശബരിമല ബസുകളില്‍ 25% സീറ്റ് സംവരണം, സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഇല്ല; സന്നിധാനത്തെ താമസം ഒഴിവാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീ സൗഹൃദ ടൊയ്‌ലറ്റുകള്‍, ബസുകളില്‍ സ്ത്രീകള്‍ക്കു സംവരണം, ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിങ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പമ്പ- സന്നിധാനം പാതയില്‍ പ്രത്യേക നിറത്തില്‍ സ്്ത്രീസൗഹൃദ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കും. സന്നിധാനത്തും നിലയ്ക്കലിലും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളുണ്ടാവും. വിരി വയ്ക്കാനും സൗകര്യമൊരുക്കും. അതേസമയം ദര്‍ശനത്തിന് സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ട്. ഇതിനു പ്രത്യേക ക്യൂ ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്യൂവില്‍ നില്‍ക്കാന്‍ തയാറുള്ളവര്‍ മാത്രം ദര്‍ശനത്തിന് എത്തിയാല്‍ മതിയെന്ന് കടകംപള്ളി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ ശബരിമലയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ സന്നിധാനത്ത് തങ്ങുന്നത് ഒഴിവാക്കാന്‍ മന്ത്രി ഭക്തരോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ പേര്‍ താമസിക്കുന്നത് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കും. വേണ്ടിവന്നാല്‍ പതിനെട്ടാം പടിയിലും വനിതാ പൊലീസുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വനിതാ പൊലീസുകാരെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കും.

ശബരിമല ബസുകളില്‍ ഇരുപത്തിയഞ്ചു ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ സീറ്റുകളില്‍ പുരുഷന്മാര്‍ക്ക് ഇരിക്കാനാവൂ. 

പമ്പ-സന്നിധാനം പാതയില്‍ രാത്രി കൂടുതല്‍ വെളിച്ചം വേണ്ടിടങ്ങളില്‍ അതിനുള്ള സംവിധാനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com