ജയിലില്‍ നിന്ന് മകന്‍ കത്തയച്ചു, ഒരു ചില്ലു തുമ്പാക്കി പൊലീസ്; അച്ഛന്റെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കുടുങ്ങിയത് ഇങ്ങനെ 

കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ അയച്ച കത്ത് അച്ഛന്റെ മരണത്തിനിടയാക്കിയയാളെ അഴിക്കുള്ളിലാക്കി
ജയിലില്‍ നിന്ന് മകന്‍ കത്തയച്ചു, ഒരു ചില്ലു തുമ്പാക്കി പൊലീസ്; അച്ഛന്റെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കുടുങ്ങിയത് ഇങ്ങനെ 

തൃശൂര്‍ : കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ അയച്ച കത്ത് അച്ഛന്റെ മരണത്തിനിടയാക്കിയയാളെ അഴിക്കുള്ളിലാക്കി. ഒരുവര്‍ഷം മുന്‍പ് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു സമീപം ഓട്ടോയിടിച്ച് എടത്തിപ്പറമ്പില്‍ മുരളീധരന്‍ (65) മരിച്ച കേസിലാണ് ഒടുവില്‍ സത്യം പുറത്തുവന്നത്. മുരളീധരനെ ഇടിച്ച ശേഷം കടന്ന ഓട്ടോയുടെ ഡ്രൈവര്‍ കോഴിക്കുളങ്ങര ആശാരിപ്പറമ്പില്‍ ശ്രീലാലുവിനെ (38) ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. അപകട സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സൈഡ് മിററാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

ഭാര്യ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രാജേഷ്, അച്ഛന്‍ മുരളീധരന്റെ മരണം സംബന്ധിച്ച്  മനുഷ്യാവകാശ കമ്മിഷനയച്ച കത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലേക്കു നയിച്ചത്. 2017 ജൂണ്‍ 13ന് രാത്രി പുല്ലൂറ്റ് പാലത്തിനു സമീപത്തെ പലചരക്കു കടയിലേക്കു നടന്നുപോയ മുരളീധരനെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുരളീധരനെ സമീപത്തുണ്ടായിരുന്നവര്‍  മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവറായിരുന്ന ശ്രീലാലു സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 

 മൂന്നു പേരക്കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താനാവാതെ   മുരളീധരന്റെ ഭാര്യ തങ്ക നിസഹായയായി. വിവരമറിഞ്ഞ രാജേഷ് ജയിലില്‍ നിന്നു മനുഷ്യാവകാശ കമ്മിഷനു കത്തെഴുതുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കമ്മിഷന്‍ റൂറല്‍ പൊലീസിനു നിര്‍ദേശം നല്‍കി. 

റൂറല്‍  പൊലീസ് മേധാവി എം.കെ. പുഷ്‌കരന്റെ നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി അന്വേഷണം ഏറ്റെടുത്തു. മുരളീധരനെ ഇടിച്ചിട്ടു പോയ വണ്ടി ഏതാണെന്ന് കണ്ടുപിടിക്കാന്‍ ഒരു വര്‍ഷത്തോളം ലോക്കല്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍ അപകട സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സൈഡ് മിറര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായകമാകുകയായിരുന്നു. മോട്ടോര്‍ വാഹന വിദഗ്ധരുടെ സഹായത്തോടെ സൈഡ് മിററര്‍ ഒരു പെട്ടി ഓട്ടോറിക്ഷയുടേതാണെന്ന് ഉറപ്പിച്ചു. ആയിരത്തോളം പേരെ ചോദ്യം ചെയ്തും ഓട്ടോഡ്രൈവര്‍മാരുടെ  യോഗം വിളിച്ചു ചേര്‍ത്തും അന്വേഷണം മുന്നോട്ടുനീങ്ങി. ഓട്ടോഡ്രൈവര്‍മാരില്‍ നിന്നു ലഭിച്ച സൂചനകള്‍ പ്രതിയെ കണ്ടെത്താന്‍ സഹായകരമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com