ആദ്യകാല നക്‌സലൈറ്റ് നേതാവ് ടിഎന്‍ ജോയ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ആദ്യകാല നക്‌സലൈറ്റ് നേതാവ് ടിഎന്‍ ജോയ് അന്തരിച്ചു

കൊടുങ്ങല്ലൂര്‍: മുന്‍ നക്‌സലൈറ്റും കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടിഎന്‍ ജോയ് (നജ്മല്‍ ബാബു-72) അന്തരിച്ചു. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യകാസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

കൊടുങ്ങല്ലുര്‍ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലം തൊട്ടേ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടക്കുകയും പൊലീസിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവരെ സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തവരായി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കണമെന്ന സമരം ഇദ്ദേഹം വര്‍ഷങ്ങളായി തുടര്‍ന്നുപോന്നു. ടിഎന്‍ ജോയ് അവസാനമായി പങ്കെടുത്തത് കൊച്ചിയില്‍ നടന്ന കന്യാസ്ത്രീകളുടെ സമരത്തിലാണ്. സമീപകാലത്താണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മതം മാറ്റം വലിയ ചര്‍ച്ചയായിരുന്നു.

ടിഎന്‍ ജോയ് സൂര്യഗാന്ധി ബുക്‌സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തിയിരുന്നു. ഗ്രാംഷിയുടേയും മറ്റും കൃതികള്‍ ആദ്യമായി മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത് സൂര്യഗാന്ധി ബുക്ക്‌സ് ആയിരുന്നു.

അച്ഛന്‍ നീലകണ്ഠദാസ് അധ്യാപകനും പേരുകേട്ട വൈദികനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. സിപിഐ നേതാവായിരുന്ന ടിഎന്‍ കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടിഎന്‍ വിമലാദേവി, ടിഎന്‍ സുശീലാദേവി എന്നിവര്‍ സഹോദരങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com