നെഞ്ചുതകര്‍ക്കുന്ന ആ വാര്‍ത്ത ഇനി ആരും പറയേണ്ട, കേള്‍ക്കാന്‍ അച്ഛനില്ല; ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക് ബാലഭാസ്‌കര്‍

തന്റെ കുഞ്ഞുമാലാഖ കൂടെയില്ലെന്ന വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്
നെഞ്ചുതകര്‍ക്കുന്ന ആ വാര്‍ത്ത ഇനി ആരും പറയേണ്ട, കേള്‍ക്കാന്‍ അച്ഛനില്ല; ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക് ബാലഭാസ്‌കര്‍

'കണ്ണുതുറന്ന് അവന്‍ കുഞ്ഞിനെ ചോദിച്ചാല്‍ എന്ത് പറയും'. ബാലഭാസ്‌കറിന്റെ ജീവന്‍ തിരിച്ചുകിട്ടാനായി കണ്ണീരോടെ കാത്തിരിക്കുമ്പോഴും പ്രീയപ്പെട്ടവരുടെ ഉള്ളില്‍ ഈ ചോദ്യമായിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പില്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞി വെളിച്ചം ഇനിയില്ലെന്ന വാര്‍ത്ത ബാലഭാസ്‌കര്‍ അറിയുന്ന ആ നിമിഷത്തെക്കുറിച്ച്. എന്നാല്‍ ആ ചോദ്യം അങ്ങനെതന്നെ അവസാനിക്കുകയാണ്. തന്റെ കുഞ്ഞുമാലാഖ കൂടെയില്ലെന്ന വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്. 

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തു വെച്ചാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ഒന്നരവയസുകാരി മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നു മുതല്‍ ഇവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ലോകം.

ബാലഭാസ്‌കറിന്റെ അവസ്ഥ മോശമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെയായിരുന്നു പ്രതീക്ഷ. ആരോഗ്യനിലയില്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതോടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ വയലിനില്‍ മാന്ത്രികത വിരിയിക്കാന്‍ ഇനി ആ വിരലുകള്‍ ചലിക്കില്ല. ലക്ഷ്മിയെ ഇവിടെ തനിച്ചാക്കി മകള്‍ക്കൊപ്പം അദ്ദേഹവും മടങ്ങി. 

ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. എയിംസില്‍ നിന്നും ചികിത്സിക്കാന്‍ ഡോക്റ്റര്‍മാര്‍ എത്തിയെങ്കിലും അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. 

പാട്ടിനൊപ്പമാണ് ബാലഭാസ്‌കര്‍ വളര്‍ന്നത്. ചെറുപ്പം മുതല്‍ സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്നുണ്ട്. വയലിനില്‍ അദ്ദേഹം തീര്‍ക്കുന്ന മന്ത്രികത എത്ര വലിയ കാണികളേയും പിടിച്ചിരുത്താന്‍ പോന്നതായിരുന്നു. വളരെ പെട്ടെന്നാണ് സിനിമ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍ ആവുകയായിരുന്നു. അന്ന് 17 വയസു മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. അദ്ദേഹം സംഗീതം നല്‍കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇപ്പോഴും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്നവയാണ്. 

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. ഈ സമയം മുന്‍ സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ബാലഭാസ്‌കറിനേയും മകളേയും പുറത്തെടുത്തത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു. ഇപ്പോഴും ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com