വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചായിരുന്നു അപകടം
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വയലനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു.  ജീവിതത്തിലേക്ക് ബാലഭാസ്‌കര്‍ തിരികെ എത്തും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് മകള്‍ക്കൊപ്പം അച്ഛനും യാത്രയാവുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പുലര്‍ച്ചെ 12.50നാണ് മരണം സംഭവിച്ചത്.
തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ ഏകമകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിലാണ്. 

വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന ആശുപത്രി അധികൃതരുടെ പ്രതികരണം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് മരണവാര്‍ത്ത എത്തുന്നത്. 

കഴിഞ്ഞ 25ന്, ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജങ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡ് അരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ തലച്ചോറിനും, കഴുത്തെല്ലിനും, നട്ടെല്ലിനും, ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റു. 

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായാണ് ബാലഭാസ്‌കറും കുടുംബവും തൃശൂരിലെ കുടുംബക്ഷേത്രത്തില്‍ പോയത്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. അപകടത്തില്‍ ഭാര്യ ലക്ഷ്മിയും ഡ്രൈവറും കുടുംബസുഹൃത്തുമായ അര്‍ജുനും സാരമായി പരുക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com