ശബരിമല പ്രവേശനം: പൂര്‍ണമായി ഓണ്‍ലൈനിലേക്ക്; ദര്‍ശന തിയ്യതി മുന്‍കൂട്ടി ബുക്ക് ചെയ്യാം

പ്രത്യേക വെബ്‌സൈറ്റിലൂടെ ദര്‍ശന തീയതി മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുന്നവര്‍ക്കായിരിക്കും പ്രവേശനം. പുല്ലുമേട് വഴിയുള്ള പ്രവേശനം തല്‍കാലത്തേക്ക് നിരോധിക്കാനും തീരുമാനം 
ശബരിമല പ്രവേശനം: പൂര്‍ണമായി ഓണ്‍ലൈനിലേക്ക്; ദര്‍ശന തിയ്യതി മുന്‍കൂട്ടി ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാക്കുന്നു. പ്രത്യേക വെബ്‌സൈറ്റിലൂടെ ദര്‍ശന തീയതി മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുന്നവര്‍ക്കായിരിക്കും പ്രവേശനം. പുല്ലുമേട് വഴിയുള്ള പ്രവേശനം തല്‍കാലത്തേക്ക് നിരോധിക്കാനും തീരുമാനമായി. പുതിയ സുരക്ഷ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.  

സ്ത്രീകള്‍ക്കൂടി എത്തുമ്പോളുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശബരിമല പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയെന്നത്. ഇതനുസരിച്ച് എല്ലാ തീര്‍ത്ഥാടകരും ശബരിമലയ്ക്ക് പോകുന്ന ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇതിനായി  പൊലീസ് പ്രത്യേക വെബ് സൈറ്റ് തുടങ്ങാനാണ് പരിപാടി.ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീത്  ഉപയോഗിച്ച് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലും യാത്ര ചെയ്യാം. പ്രവേശനപാസ് സൗജന്യമാണങ്കിലും ബസിന്റെ ടിക്കറ്റ് നിരക്ക് നല്‍കണം. തുടക്കത്തില്‍ ഒട്ടേറെപ്പേര്‍ ബുക്ക് ചെയ്യാതെ വരുമെന്നതിനാല്‍ നിലയ്ക്കലില്‍ നിന്ന് രസീതെടുക്കാനും സൗകര്യം ഒരുക്കും

തീര്‍ത്ഥാടകരുടെ എണ്ണം മുന്‍കൂട്ടി അറിയാമെന്നതും അതനുസരിച്ച് സുരക്ഷാക്രമീകരണം ഒരുക്കാനാവുമെന്നതുമാണ് ഇതിന്റെ നേട്ടമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലും സാധാരണക്കാരിലും ഈ മാറ്റം എത്തിക്കാനാവുമോയെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.തിരക്ക് കുറവുള്ള ദിവസം നോക്കി ദര്‍ശന തീയതി തിരഞ്ഞെടുക്കാമെന്നത് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാണ്. സ്ത്രീകളടക്കമുള്ളവരുടെ കൃത്യമായ കണക്ക് ശേഖരിക്കലും ഇതിന്റെ ലക്ഷ്യമാണ്. ഒരു ദിവസം ഒരു നിശ്ചിത പരിധിക്കപ്പുറം ബുക്കിങ് ആയാല്‍ ആ ദിവസത്തെ പ്രവേശനം അവസാനിപ്പിക്കും. ബുക്ക് ചെയ്യാതെ പുല്ലുമേട് വഴി ഒട്ടേറെപ്പേരെത്തുമെന്നതിനാല്‍ ആ വഴി തല്‍കാലത്തേക്ക് അടക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com