തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കു; സംസ്‌കാരം നാളെ 

വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം
തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കു; സംസ്‌കാരം നാളെ 

കൊച്ചി: അന്തരിച്ച മലയാളചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം. 

കാഞ്ഞിരപ്പള്ളി സെന്റ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. ഉദരസംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന തമ്പി കണ്ണന്താനം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. 

മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, മൂന്ന് ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങിയവ ശ്രദ്ധേയമായ സിനിമകളാണ്. 8090 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം മലയാളചലച്ചിത്രവേദിയില്‍ സജീവമല്ലാതെയായി.

ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. ജോഷി അദ്ദേഹത്തിന്റെ സംവിധാന ശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരില്‍ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതില്‍ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com