പരസ്യത്തിന്റെ ഫീസ് പോലും പിരിക്കാത്ത സര്‍ക്കാരിന് ശമ്പളം കൊടുക്കേണ്ടെന്ന് സാധാരണക്കാര്‍ കരുതില്ലേ? അനധികൃത ഫ്‌ലക്‌സുകള്‍ക്കെതിരെ ഹൈക്കോടതി

ഉത്തരവ് നടപ്പാക്കാന്‍ ഈ കോടതിയ്ക്ക് അധികാരം ഉണ്ടെന്നും അത് അറിയാമെന്നും വേണ്ടിവന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പരസ്യത്തിന്റെ ഫീസ് പോലും പിരിക്കാത്ത സര്‍ക്കാരിന് ശമ്പളം കൊടുക്കേണ്ടെന്ന് സാധാരണക്കാര്‍ കരുതില്ലേ? അനധികൃത ഫ്‌ലക്‌സുകള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അനധികൃത ഫഌ്‌സുകള്‍ നീക്കം ചെയ്യണമെന്ന് സെപ്റ്റംബര്‍ 19നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് ഇനിയും നടപ്പിലാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഉത്തരവ് നടപ്പാക്കാന്‍ ഈ കോടതിയ്ക്ക് അധികാരം ഉണ്ടെന്നും അത് അറിയാമെന്നും വേണ്ടിവന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കോടതി ഇന്ന് ഈ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഉത്തരവ് സര്‍ക്കുലറായി ഇറക്കാന്‍ രണ്ട് ആഴ്ച കൂടി സമയം ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്തത്. 'ക്യാന്‍സര്‍ അടക്കം ഉണ്ടാക്കുന്ന ഫ്‌ളെക്‌സിനെപ്പറ്റി ഗൗരവമായ സമീപനം കാണുന്നില്ല. ഫഌ്‌സ് മാലിന്യ കൂമ്പാരമാണ് ഉണ്ടാകുന്നത്. നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഫഌ്‌സ് മാലിന്യം നിറഞ്ഞ കേരളമാണോ നാം നിര്‍മ്മിക്കുന്നത്?'- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

അനധികൃത ഫഌ്‌സുകള്‍ വഴി സര്‍ക്കാരിന് ഫീസിനത്തില്‍ കോടികളാണ് നഷ്ടം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ദുരന്തസഹായത്തിനു പണം തേടുന്ന സര്‍ക്കാരിന് ഇത് പ്രശ്‌നമല്ലേ? സാലറി ചാലഞ്ചില്‍ ആദ്യം ഒരുമാസത്തെ ശമ്പളം കൊടുത്തവരാണ് നാം. എന്നാല്‍ പരസ്യത്തില്‍ നിന്ന് ലഭിക്കേണ്ട ഫീസ് പോലും പിരിക്കാത്ത സര്‍ക്കാരിന് ശമ്പളം കൊടുക്കേണ്ട പിന്മാറാം എന്ന് സാധാരണക്കാര്‍ കരുതില്ലേ?'- അദ്ദേഹം ചോദിച്ചു.

എന്നാല്‍ പ്രായോഗിക സമീപനമാണ് സര്‍ക്കാറിനെന്നും പതുക്കെ മാറ്റം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സംസ്ഥാന അറ്റോര്‍ണി അഡ്വക്കേറ്റ് സോഹന്‍ കോടതിയെ അറിയിച്ചത്.

അതേസമയം നിയമം നടപ്പാക്കാന്‍ ഇതുവരെ യാതൊന്നും സര്‍ക്കാര്‍ ചെയ്തതായി തോന്നുന്നില്ലെന്നും ഫഌ്‌സ് ബോര്‍ഡുകളുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ കോടതിയെ അറിയിച്ചു. ഫഌ്‌സ് മാലിന്യത്തിനു എതിരായ ഫ്‌ലക്‌സും സ്വച്ച്ഭാരത് മിഷന്റെ ഫ്‌ലക്‌സും വരെ ഇപ്പോള്‍ അധികമുണ്ടായിരിക്കുകയാണെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ കോടതിയില്‍ വ്യക്തമാക്കി.

വ്യക്തിഗത താല്‍പ്പര്യങ്ങള്‍ ഇല്ലെന്നും ഈ നാട് നശിക്കുന്നതില്‍ വേദനയുണ്ടെന്നും കോടതി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്ന യന്ത്രങ്ങള്‍ നല്ല മാതൃകയാണ്. നടപ്പാതയിലും റോഡിലും പൊതു ഇടങ്ങളിലും ഫഌ്‌സ് നിറഞ്ഞ ഈയവസ്ഥ മാറ്റാന്‍ ഇതൊരു അവസരമായി എടുത്ത് ഒരു സാമൂഹിക മുന്നേറ്റമായി ജനം ഇത് ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com