ബ്രൂവറി അനുവദിക്കുന്നതില്‍ നഷ്ടം അന്യസംസ്ഥാന മദ്യകമ്പനികള്‍ക്ക്; ചെന്നിത്തലക്ക് അക്കമിട്ട് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിന് പല കാര്യങ്ങളിലും അടിസ്ഥാന രഹിതമായ സംശയങ്ങള്‍ ഉന്നയിക്കാനുള്ള പ്രാവീണ്യം ഉണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അദ്ദേഹം പലപ്പോഴും ചെയ്ത് വരുന്നത്
ബ്രൂവറി അനുവദിക്കുന്നതില്‍ നഷ്ടം അന്യസംസ്ഥാന മദ്യകമ്പനികള്‍ക്ക്; ചെന്നിത്തലക്ക് അക്കമിട്ട് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ ഉത്പാദന കേന്ദ്രങ്ങള്‍ (ബ്രൂവറി) അനുവദിച്ചതുയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷ നേതാവിന് പല കാര്യങ്ങളിലും അടിസ്ഥാന രഹിതമായ സംശയങ്ങള്‍ ഉന്നയിക്കാനുള്ള പ്രാവീണ്യം ഉണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അദ്ദേഹം പലപ്പോഴും ചെയ്ത് വരുന്നത്. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ പറ്റുമോ എ്ന്നതാണ് ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്നും പിണറായി പറഞ്ഞു.

ഇടതമുന്നണിയുടെ നയത്തിന് വിരുദ്ധമായി അനുവദിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മൂന്ന് ബ്രൂവറിക്കാണ് തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകള്‍ക്ക് ശേഷി വര്‍ധിപ്പിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്്. ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് സാധാരണ നിലക്ക് വിതരണം നടക്കുന്നില്ല. ബാറുകളിലോ ബീവറേജ് യൂണിറ്റുകളില്‍ നിന്നുമാണ് വില്‍പ്പന നടക്കുക. അതുകൊണ്ട് തന്നെ മദ്യം ഒഴുക്കുക എന്ന പ്രശ്‌നം തന്നെ  ഉത്ഭവിക്കുന്നില്ല. ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം ബിവറേജ് കോര്‍പ്പറേഷനാണ് നല്‍കുകയെന്നും പിണറായി പറഞ്ഞു.

കേരളത്തിലെത്തുന്ന മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്നുമാണ് ലഭ്യമാകുന്നത്. പുതുതായി ഇവിടെ ഉത്പാദനം ആരംഭിച്ചാല്‍ പുറമെ നിന്ന് വാങ്ങുന്നത് കുറയ്ക്കാനാകും. പുറത്തുനിന്നുള്ള കമ്പനികള്‍ക്ക് ചില്ലറ നഷ്ടം ഉണ്ടാകും. ഇക്കാര്യം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന് മനസിലായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ വരുമ്പോള്‍ നൂറ് കണക്കിന് തൊഴിലവസരങ്ങള്‍ കൂടും. മാത്രമല്ല നികുതി വരുമാനം കൂടും. ഇത് സംസ്ഥാനത്തിന് എതിരാണെന്ന് പ്രതിപക്ഷ നേതാവിന് അല്ലാതെ മറ്റാര്‍ക്കു പറയാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പത്രപരസ്യം നല്‍കാതെയും പൊതുവായ അറിയിപ്പ് നല്‍കാതെയുമാണ് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം.
നാളിതുവരെ ഇത്തരം യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ പത്രപരസ്യം നല്‍കുന്ന രീതി എവിടെയുമില്ല. പ്രത്യേകമായ അപേക്ഷയും ക്ഷണിക്കാറില്ല. പകരം ആതാത് കാലങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തങ്ങളുടെ മുന്നില്‍ വന്ന അപേക്ഷകള്‍ക്ക് അനുമതി നല്‍കുകയാണ്. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കു ശേഷം ലൈസന്‍സ് നല്‍കുകയാണ്. പത്രപരസ്യ നല്‍കിയില്ലെന്നാണെങ്കില്‍ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളും ഇതില്‍പ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 25,050 കോടിയുടെ നഷ്ടമുണ്ടായതായി എഡിബി ലോകബാങ്ക് സംഘം കണക്കാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ കണക്കില്‍ സംസ്ഥാനത്തിന്റെ എല്ലാ നഷ്ടവും വന്നിട്ടില്ല. വ്യവസായ രംഗത്തെയും ഉപജീവനമാര്‍ഗങ്ങള്‍, തൊഴില്‍ എന്നീ മേഖലകളിലെ നഷ്ടം ഇക്കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതുകൂടി വരുമ്പോള്‍ നഷ്ടം ഇതിലും വലിയതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക പ്രളയപാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വീണ്ടും സമീപിക്കും. പുനര്‍നിര്‍മ്മാണത്തിനായി ആഭ്യന്തര ധനകാര്യ ഏജന്‍സികള്‍, അന്തര്‍ദേശീയ ഏജന്‍സികള്‍, ബാങ്ക് വായ്പ, പദ്ധതി വിഹിതം തുടങ്ങിയവ ഉപയോഗിക്കുക എന്നതുമാത്രമാണ്. കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു

സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന അജണ്ട പുനര്‍നിര്‍മ്മാണമാണ്. ഇതിനായി ധനസമാഹരണം വെല്ലുവിളിയാണ്. ആകാവുന്നത്ര ധനം സഹായം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രനിലപാട് സംസ്ഥാനത്തിന് സഹായകരമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ സമീപിച്ചപ്പോള്‍ വിദേശരാജ്യങ്ങളില്‍ പോയി മലയാളികളെ കണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അതിന് സഹായകമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി പൂജാ അവധി ദിവസങ്ങളില്‍ മന്ത്രിമാര്‍ വിദേശരാജ്യം സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കും. വിദേശപര്യടനവുമായി ബന്ധപ്പെട്ട് നാടിന് ആവശ്യമല്ലെന്ന രീതിയിലുളള പ്രചാരണം നടക്കുന്നുണ്ട്. അവരോട് ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്. ഇത് നമ്മുടെ നാടിന്റെ ഭാവിക്ക വേണ്ടിയുള്ളതാണെന്ന് മാത്രം പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com